നിഖിൽ കുമാരസ്വാമിക്ക് തോൽവി; തുടർച്ചയായ രണ്ടാം തെരഞ്ഞെടുപ്പ് പരാജയം
Saturday, May 13, 2023 2:23 PM IST
ബംഗളൂരു: ജനതാദൾ(എസ്) തലവൻ എച്ച്.ഡി. ദേവഗൗഡയുടെ പൗത്രനും മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകനുമായ നിഖിൽ കുമാരസ്വാമി രാമനഗര മണ്ഡലത്തിൽ പരാജയപ്പെട്ടു. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ചലച്ചിത്ര താരം സുമലതയോട് ഒന്നര ലക്ഷം വോട്ടുകൾക്ക് പരാജയപ്പെട്ട നിഖിലിന്റെ തുടർച്ചയായ രണ്ടാം തെരഞ്ഞെടുപ്പ് തോൽവിയാണിത്.
കോൺഗ്രസ് സ്ഥാനാർഥി ഇഖ്ബാൽ ഹുസൈനോട് 10,486 വോട്ടുകൾക്കാണ് നിഖിൽ പരാജയപ്പെട്ടത്. ഹുസൈൻ 76,634 വോട്ടുകൾ നേടിയപ്പോൾ നിഖിലിന് 65,788 വോട്ടുകളാണ് നേടാൻ സാധിച്ചത്. ബിജെപിയുടെ ജി.എം. ഗൗഡ 11,974 വോട്ടുകളുമായി മൂന്നാം സ്ഥാനത്തെത്തി.
ജെഡിഎസിന്റെ ഉറച്ച കോട്ടയായ രാമനഗരയിൽ 2018-ലെ തെരഞ്ഞെടുപ്പിൽ കുമാരസ്വാമി വിജയിച്ചിരുന്നു. ഹുസൈനെ പരാജയപ്പെടുത്തി നേടിയ സീറ്റ് പത്നി അനിതാ കുമാരസ്വാമിക്ക് വേണ്ടി അദ്ദേഹം പിന്നീട് ഒഴിഞ്ഞിരുന്നു. ജെഡിഎസ് കുടുംബത്തിലെ താരപുത്രനായി അനിത ഇത്തവണ സ്വന്തം സീറ്റ് ഒഴിഞ്ഞ് നൽകിയെങ്കിലും വിജയം അകന്നുനിന്നു.