സർക്കാരിനെതിരേ ബിജെപിയും സമരമുഖത്ത്; തലസ്ഥാനത്ത് രാപ്പകൽ സമരം
Saturday, May 20, 2023 12:58 PM IST
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ ബിജെപി രാപ്പകൽ സമരം തുടങ്ങി. കേന്ദ്രമന്ത്രി വി. മുരളീധരൻ വെള്ളിയാഴ്ച രാത്രിയിൽ രാപ്പകൽ സമരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് തുടങ്ങിയവരാണ് രാപ്പകൽ സമരത്തിന് നേതൃത്വം നൽകുന്നത്.
തലസ്ഥാനം സമരമുഖമായതോടെ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം ബാരിക്കേഡ് തീർത്ത് പോലീസ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് വളയൽ സമരവും തലസ്ഥാനത്ത് പുരോഗമിക്കുകയാണ്. വലിയ തോതിൽ പ്രവർത്തകരെ അണിനിരത്തിയാണ് യുഡിഎഫ് സർക്കാരിനെതിരേ സമരമുഖത്തിറങ്ങിയത്.
കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, ആർഎസ്പി സംസ്ഥാന അധ്യക്ഷൻ ഷിബു ബേബി ജോൺ, കേരള കോൺഗ്രസ് നേതാവ് മോൻസ് ജോസഫ് തുടങ്ങി പ്രമുഖരെല്ലാം സമരമുഖത്തുണ്ട്.