കോൽക്കത്ത വീണു, ലക്നോ പ്ലേ ഓഫിൽ
Saturday, May 20, 2023 11:47 PM IST
കോൽക്കത്ത: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ പ്ലേ ഓഫ് കടന്ന് ലക്നോ സൂപ്പർ ജെയ്ന്റ്സ്. കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഒരു റണ്‍സിന് തോൽപ്പിച്ചാണ് ലക്നോവിന്റെ പ്ലേ ഓഫ് പ്രവേശനം. സ്കോർ: ല്കനോ 176-8 (20), കോൽക്കത്ത 175-7 (20).
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലക്നോ നിക്കോളാസ് പുരാന്റെ അർധസെഞ്ചുറിയുടെയും (30 പന്തിൽ അഞ്ചു സിക്സും നാലു ഫോറുമുൾപ്പെടെ 58) ക്വിന്റണ്‍ ഡി കോക്ക് (28), പ്രേരക് മങ്കാദ് (26), ആയുഷ് ബദോനി (25) എന്നിവരുടെ ഇന്നിംഗ്സുകളുടെയും ബലത്തിലാണ് 176 റണ്‍സിലെത്തിയത്.
സ്റ്റാർ ബാറ്റർ മാർകസ് സ്റ്റോയിനിസ് റണ്ണെടുക്കാതെ പുറത്തായതു ലക്നോവിനു തിരിച്ചടിയായി. കോൽക്കത്തയ്ക്കായി വൈഭവ് അറോറ, ഷാർദുൾ താക്കുർ, സുനിൽ നരെയ്ൻ എന്നിവർ രണ്ടും വരുണ്‍ ചക്രവർത്തി, ഹർഷിത് റാണ എന്നിവർ ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ കോൽക്കത്തയ്ക്കായി ഓപ്പണറുമാരായ ജെയ്സണ്‍ റോയിയും (28 പന്തിൽ 45) വെങ്കടേഷ് അയ്യരും (15 പന്തിൽ 24) ചേർന്ന് മികച്ച തുടക്കമാണ് ഒരുക്കിയത്. പിന്നീട് റിങ്കു സിംഗിന് ഒഴികെ ആർക്കും ഈ തുടക്കം മുതലാക്കാൻ കഴിഞ്ഞില്ല. റിങ്കു പുറത്താകാതെ 33 പന്തിൽ നാല് സിക്സും ആറ് ഫോറും ഉൾപ്പെടെ 67 റണ്‍സെടുത്തു. റഹ്മാനുള്ള ഗുർബാസ് പത്ത് റണ്‍സും നേടി. കോൽക്കത്ത നിരയിൽ മറ്റാർക്കും രണ്ടക്കം പോലും കാണാൻ കഴിഞ്ഞില്ല.
ലക്നോവിനായി രവി ബിഷ്ണോയിയും യാഷ് താക്കൂറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ 14 മത്സരങ്ങളിൽനിന്നും 17 പോയിന്റുമായി ലക്നോ പ്ലേ ഓഫ് കടന്നു.