സിദ്ധരാമയ്യ അഞ്ചു വർഷവും മുഖ്യമന്ത്രിയെന്ന് എം.ബി. പാട്ടീൽ; പ്രസ്താവന വിവാദം
Wednesday, May 24, 2023 11:34 AM IST
ബംഗളൂരു: കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ അഞ്ചു വർഷവും തികയ്ക്കുമെന്നു മന്ത്രി എം.ബി. പാട്ടീലിന്റെ പ്രസ്താവന വിവാദമുയർത്തി. സിദ്ധരാമയ്യ അഞ്ചു വർഷവും മുഖ്യമന്ത്രിയാകുമെന്ന് തിങ്കളാഴ്ച മൈസൂരുവിലാണ് എം.ബി. പാട്ടീൽ പ്രസ്താവിച്ചത്.
അധികാരം പങ്കുവയ്ക്കുന്നതു സംബന്ധിച്ച് എന്തെങ്കിലും തീരുമാനമുണ്ടായാൽ അക്കാര്യം ഞങ്ങളുടെ നേതൃത്വം മാധ്യമങ്ങളെ അറിയിക്കുമായിരുന്നു. മുഖ്യമന്ത്രിസ്ഥാനം പങ്കുവയ്ക്കുന്നതു സംബന്ധിച്ച് ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്നാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞത്. അദ്ദേഹം പറഞ്ഞതുതന്നെയാണു ഞാനും പറയുന്നത്-എം.ബി. പാട്ടീൽ പറഞ്ഞു.
അതേസമയം, മന്ത്രിക്കു മറുപടി നല്കാൻ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തയാറായില്ല. വിഷയത്തിൽ ഹൈക്കമാൻഡ് പ്രതികരിക്കുമെന്നു ശിവകുമാർ പറഞ്ഞു. എം.ബി. പാട്ടീലിനു ചുട്ട മറുപടി നല്കാൻ അറിയാമെന്നും അതു ചെയ്യുന്നില്ലെന്നും ശിവകുമാറിന്റെ സഹോദരനും കർണാടകയിലെ ഏക കോൺഗ്രസ് ലോക്സഭാംഗവുമായ ഡി.കെ. സുരേഷ് പറഞ്ഞു.
ഹൈക്കമാൻഡ് ദിവസങ്ങളോളം നടത്തിയ ചർച്ചയ്ക്കൊടുവിലാണു കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാറിനെയും പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിസ്ഥാനം പങ്കുവയ്ക്കാമെന്ന ധാരണയിലാണു ശിവകുമാർ അനുനയത്തിനു തയാറായതെന്നു റിപ്പോർട്ടുണ്ടായിരുന്നു.
ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാൻ സിദ്ധരാമയ്യ അനുവദിക്കില്ലെന്നും ശിവകുമാറിനു നേരിട്ട് മുന്നറിയിപ്പ് നല്കുകയാണ് എം.ബി. പാട്ടീൽ ചെയ്തതെന്നും കർണാടക ബിജെപി പ്രതികരിച്ചു.