ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ രാജി മാർപാപ്പ അംഗീകരിച്ചു
സ്വന്തം ലേഖകൻ
Thursday, June 1, 2023 10:25 PM IST
ന്യൂഡൽഹി: ജലന്ധർ രൂപതയുടെ ചുമതലയിൽനിന്നു രാജിവച്ചുകൊണ്ടുള്ള ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ കത്ത് ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചു. ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ ഇനി ജലന്ധർ രൂപതയുടെ ബിഷപ് എമരിറ്റസ് എന്നറിയപ്പെടുമെന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി പ്രസ്താവനയിൽ അറിയിച്ചു.
ബിഷപ്പിന്റെ രാജി അച്ചടക്ക നടപടിയല്ലെന്ന് അപ്പസ്തോലിക് നൂണ്ഷിയേച്ചറിന്റെ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. സഭയുടെ നന്മയെ കരുതിയും ജലന്ധർ രൂപതയ്ക്ക് പുതിയ ബിഷപ്പിനെ കണ്ടെത്തുന്നതിനുമാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ രാജിവച്ചതെന്നാണ് പ്രസ്താവനയിൽ പറയുന്നത്.
ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ആരോപണങ്ങളിൽ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയ കോട്ടയം അഡീഷണൽ ജില്ലാ കോടതിയുടെയും അപ്പീൽ നിലനിൽക്കുന്ന കേരള ഹൈക്കോടതിയുടെയും നടപടികളെ ബഹുമാനിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.
ജലന്ധർ രൂപതയുടെ ചുമതലയിൽ നിന്നൊഴിവാക്കണം എന്നാവശ്യപ്പെട്ടു നൽകിയ രാജിക്കത്ത് മാർപാപ്പ സ്വീകരിച്ചതായി വ്യക്തമാക്കി ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ വീഡിയ സന്ദേശം പുറത്തു വിട്ടിരുന്നു.
വീഡിയോ സന്ദേശത്തിൽ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്:
"പ്രിയമുള്ളവരേ, ദൈവത്തിന് സ്തുതി. എന്റെ അധികാരികളുമായി ചർച്ച ചെയ്ത് പ്രാർഥിച്ചതിനു ശേഷം ജലന്ധർ ബിഷപ് പദവിയിൽനിന്ന് രാജിവയ്ക്കുന്നതിനായി ഞാൻ എഴുതിയ കത്ത് നമുക്കേറ്റവും പ്രിയങ്കരനായ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ ഇന്ന് സ്വീകരിച്ചിരിക്കുന്നു.
ഈ വിവരം ഞാൻ നിങ്ങളെ വളരെയധികം സന്തോഷത്തോടും നന്ദിയോടും കൂടെ അറിയിക്കട്ടെ. ഈ അവസരത്തിൽ കഴിഞ്ഞ കാലമത്രയും ഞാൻ പ്രത്യക്ഷമായും പരോക്ഷമായും അനുഭവിച്ച ഉപദ്രവങ്ങളും അതു സമ്മാനിച്ച വിഷമങ്ങളും ക്രൂശിതനായ കർത്താവിന്റെ കുരിശിൻ ചുവട്ടിൽ സമർപ്പിച്ചു കൊണ്ട് എന്നെ സ്നേഹിച്ചവരോടും എനിക്കുവേണ്ടി പ്രാർഥിച്ചവരോടും എന്റെ വേദനകളിൽ പങ്കു ചേർന്നവരോടും എനിക്കുവേണ്ടി കരുതലായി നിന്നവരോടും ഞാൻ ആത്മാർഥമായി നന്ദി പറയുന്നു.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. നമ്മുടെ സഹനങ്ങളും വേദനകളും സർവശക്തന്റെ മുന്നിൽ മാത്രം ഞാനൊഴുക്കിയ കണ്ണുനീരും സഭയുടെ നവീകരണത്തിനും വിശ്വാസത്തിന്റെ ബലപ്പെടുത്തലിനും എന്റെ തന്നെ വിശുദ്ധീകരണത്തിനും ദൈവ മഹത്വത്തിനും കാരണമാകട്ടെ. എന്റെ തുടർന്നുള്ള പ്രാർഥനകളിലും ബലിയർപ്പണത്തിലും മറ്റു ശുശ്രൂഷകളിലും നിങ്ങളും എന്നോടൊപ്പം ഉണ്ടാകും എന്ന ഉറപ്പോടെ നിങ്ങളുടെ സ്വന്തം ഫ്രാങ്കോ പിതാവ്. ദൈവത്തിന് സ്തുതി.'