കൈക്കൂലി കേസിൽ ഓവർസിയർ അറസ്റ്റിൽ
Thursday, June 8, 2023 11:37 PM IST
കൂത്താടുകുളം: കൈക്കൂലി കേസിൽ കെഎസ്ഇബി ഓവർസിയർ അറസ്റ്റിൽ. കൂത്താട്ടുകുളത്തെ കെഎസ്ഇബി ഓവർസിയറായ ചെറുവട്ടൂർ വേലമ്മക്കുടിയിൽ അബ്ദുൾ ജബ്ബാറി(54) നെയാണ് വിജിലൻസ് അറസ്റ്റു ചെയ്തത്.
വീട് നിർമാണത്തിനായി താൽക്കാലിക കണക്ഷൻ നൽകുന്നതിന് പാലക്കുഴ മാറിക സ്വദേശി മണ്ണാറപ്പറമ്പിൽനടുവിൽ ബിനു ജോസഫിൽനിന്നും 3000 രൂപ വാങ്ങവെയാണ് അറസ്റ്റിലായത്. താൽക്കാലിക കണക്ഷനായി മേയ് 25ന് അപേക്ഷ നൽകിയിരുന്നു.
കണക്ഷൻ നൽകുന്നതിന് ജൂൺ മൂന്നിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. പരാതിക്കാരൻ തുക നൽകുന്നതിനായി കൂത്താട്ടുകുളത്തെ ഒരു ഹോട്ടലിലേക്ക് രാത്രി ഓവർസിയറെ വിളിച്ചുവരുത്തി.
നോട്ടുകൾ കൈമാറുമ്പോഴാണ് നാടകീയമായി വിജിലൻസ് എത്തി അറസ്റ്റ് ചെയ്തത്. 50,000 രൂപയാണ് കണക്ഷൻ നൽകാൻ പ്രതി ആവശ്യപ്പെട്ടത്. 500 രൂപയുടെ ആറു നോട്ടുകളാണ് കൈമാറിയത്.