ബാലസോറിൽ പാളംതെറ്റിയത് ജീവിത സ്വപ്നങ്ങൾ; ഇനിയെന്തെന്ന് അറിയാതെ കുടിയേറ്റ തൊഴിലാളികൾ
Sunday, June 11, 2023 1:29 PM IST
ഭൂവനേശ്വർ: ഒഡിഷ ബാലസോറിൽ പാളംതെറ്റിയത് നിരവധി പേരുടെ സ്വപ്നങ്ങൾ കൂടിയായിരുന്നു. ഇടിച്ചുകയറി തലകീഴായി മറിഞ്ഞത് അന്നന്നത്തേക്കുള്ള അന്നംതേടി പായുന്ന മുഷിഞ്ഞ, വിയർപ്പാറാത്ത നിരവധി ജീവിതങ്ങൾ കൂടിയായിരുന്നു.
അതിലൊരുവനാണ് ബിഹാർ ഗോപാൽഗഞ്ച് ജില്ലയിലെ പത്ര ഗ്രാമത്തിൽ നിന്നുള്ള പ്രകാശ് റാം. 22 വയസ് മാത്രമാണ് പ്രായം. കുടിയേറ്റ തൊഴിലാളിയാണ്. 288 പേർ മരണപ്പെട്ട അപകടത്തെ പ്രകാശ് അതിജീവിച്ചു. അദ്ഭുതകരം തന്നെ.
പക്ഷെ അപകടത്തിൽ പരിക്കേറ്റ പ്രകാശിന്റെ ഒരു കാൽ മുറിച്ചുമാറ്റിയിരിക്കുന്നു. അവൻ ചിലപ്പോൾ അവൻ അനോട് തന്നെ ചോദിക്കുന്നു മരണമായിരുന്നോ ഭേദപ്പെട്ടത്. കാരണം റെയിൽവെ, അപകടത്തിൽ പരിക്കേറ്റവർക്ക് നൽകുന്ന നഷ്ടപരിഹാരം രണ്ട് ലക്ഷം രൂപ. അതു തന്നെ ഇനിയെന്ന് എന്നറിയില്ല. തന്റെ വീട്ടിലെ വരുമാനമുള്ള ഏക ആളായ തന്റെ ജീവിതം ഇനിയെന്ത് എന്ന് ചിന്തിക്കുന്പോൾ പ്രകാശ് റാമിന്റെ മനസ് പാളംതെറ്റുന്നു.
രണ്ട് വർഷമായി ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ ഓംഗോൾ നഗരത്തിൽ സെറാമിക് ടൈൽ ഫാക്ടറിയിലാണ് പ്രകാശ് റാം ജോലി ചെയ്തുവന്നിരുന്നത്. ജോലി സ്ഥലത്തുനിന്നും വീട്ടിലേക്ക് യശ്വന്ത്പൂർ-ഹൗറ എക്സ്പ്രസിൽ യാത്ര ചെയ്യുന്പോഴാണ് പ്രതീക്ഷിക്കാതെ ജീവിതത്തിലേക്ക് ദുരന്തം ഇടിച്ചുകയറിയത്. അപകടത്തിൽ റാമിന്റെ ബോധം നഷ്ടപ്പെട്ടു. അടുത്ത ദിവസം ബോധം തെളിയുന്പോൾ ബാലസോർ ജില്ലാ ആശുപത്രിയിലാണ്.
നില ഗുരുതരമായതിനാൽ, കട്ടക്കിലെ എസ്സിബി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെവച്ച് ഡോക്ടർമാർ അദ്ദേഹത്തിന്റെ ഇടതു കാൽ മുട്ടിനു താഴെ മുറിച്ചുമാറ്റി. ഇതോടെ റാം തകർന്നു. ഇനിയെന്താണ് ചെയ്യേണ്ടതെന്ന് തനിക്ക് അറിയില്ലെന്ന് റാം പറയുന്നു.
തന്റെ കുടുംബത്തിൽ വരുമാനമുള്ള ഏക വ്യക്തി താനായിരുന്നു. നാട്ടിൽ ജോലി കണ്ടെത്താൻ കഴിയാത്തതിനാൽ ബിഹാർ വിടേണ്ടിവന്നു. മുറിച്ചുമാറ്റിയ കാലുമായി, ഇനി താൻ എന്താണ് ചെയ്യാൻ പോകുന്നത്- ഒടിഞ്ഞുമടങ്ങിയ പാളം ചോദ്യഛിഹ്നമായി റാമിന്റെ മുന്നിൽ.
റാമിനെപ്പോലെ, ബഹനാഗഅപകടത്തിൽ പരിക്കേറ്റവരിൽ ഭൂരിഭാഗവും ബിഹാർ, ബംഗാൾ, ആസാം, ഒഡീഷ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളായിരുന്നു. ചെന്നൈയിലേക്കുള്ള കോറമാണ്ടൽ എക്സ്പ്രസിന്റെയും യശ്വന്ത്പൂർ-ഹൗറ എക്സ്പ്രസിന്റെയും റിസർവ് ചെയ്യാത്ത കോച്ചുകളിലാണ് ഇവർ തിങ്ങിഞെരുങ്ങി യാത്ര ചെയ്തത്.
നാട്ടിൽ പണിയും പണിക്കൂലിയും ഇല്ലാത്തതിനാൽ ഉപജീവനത്തിനായി ഇവർ കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലേക്ക് ജോലി തേടിയെത്തുന്നു. കോറമാണ്ടൽ എക്സ്പ്രസ് ഈ പാവങ്ങളുടെ രാജധാനിയാണ്.
കോറമാണ്ടലിന്റെ ലോക്കലിൽ തേക്കോട്ട് യാത്ര ചെയ്യുന്പോൾ ജീവിതം പച്ചപിടിക്കുന്നതാണ് സ്വപ്നം. 30 മണിക്കൂറോളം യാത്ര ചെയ്യുന്ന ഇവരിൽ പലരുടേയും ഇരിപ്പിടം കാലുകുത്താൻ ഇടമില്ലാതെ ട്രെയിൻ ശുചിമുറിയുടെ വാതുക്കലായിരിക്കും. ശുചിമുറിയുടെ "അവിശുദ്ധ' ഗന്ധംപോലും ഇവർക്ക് തങ്ങളുടെ ജീവിത ദുരിത്തോളം എത്തില്ല.
ബഹനാഗ ട്രെയിൻ ദുരന്തം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് ജോലിക്ക് പോകുന്ന കുടിയേറ്റ തൊഴിലാളികൾ നേരിടുന്ന പരാധീനതകളിലേക്ക് കൂടി വിരൽച്ചൂണ്ടുന്നു. യാത്രയ്ക്കിടെ അവർ അഭിമുഖീകരിക്കേണ്ടിവരുന്ന അപകടങ്ങൾ വലിയ തിരിച്ചടിയാണ്. അതിനെ താങ്ങാൻ അവരിൽ പലർക്കും സാമ്പത്തികമായും ശാരീരികമായും ത്രാണിയുണ്ടാവില്ല.
അപകടത്തിൽപ്പെടുന്നവർക്ക് റെയിൽവേയും സംസ്ഥാന സർക്കാരും നൽകുന്ന നഷ്ടപരിഹാരം മതിയാകില്ല. അവരുടെ ആവശ്യങ്ങൾ പ്രത്യേകംപ്രത്യേകമായി പരിഗണിച്ച് സഹായം നൽകുകയാണ് വേണ്ടതെന്ന് വിദഗ്ധർ പറയുന്നു.