പെരുന്നാളിന് ബീഫോ? മുസ്ലിം യുവാക്കൾക്ക് ബജ്റംഗ്ദൾ പ്രവർത്തകരുടെ ക്രൂരമർദനം
Saturday, July 1, 2023 7:38 PM IST
ഭോപ്പാൽ: മധ്യപ്രദേശിലെ ഖാണ്ഡവയിൽ പശു ഇറച്ചി കൈവശംവച്ചെന്നാരോപിച്ച് മുസ്ലിം യുവാക്കൾക്ക് ബജ്റംഗ്ദൾ പ്രവർത്തകരുടെ ക്രൂരമർദനം. ബുധനാഴ്ച ബലി പെരുന്നാൾ ആഘോഷത്തിനിടെയായിരുന്നു സംഭവം.
സിഹാദ ഗ്രാമത്തിൽ നിന്നുള്ള രണ്ട് യുവാക്കൾക്കാണ് മർദനമേറ്റത്. ഇവർ ബൈക്കിൽ ഇറച്ചിയുമായി ഇംലിപുരയിൽനിന്നും വരികയായിരുന്നു. ഖാണ്ഡവയിലെ പോളിടെക്നിക് കോളേജിന് സമീപം ബജ്റംഗ്ദൾ പ്രവർത്തകർ ഇവരെ തടഞ്ഞു. പശു ഇറച്ചിയാണ് ഇവരുടെ കൈവശമുള്ളതെന്നാരോപിച്ചായിരുന്നു തടഞ്ഞത്.
എന്നാൽ തങ്ങൾ ആട്ടിറച്ചിയാണ് കൊണ്ടുപോകുന്നുവെന്ന് യുവാക്കൾ പറഞ്ഞെങ്കിലും അക്രമികൾ ഇവരെ മർദിക്കുകയായിരുന്നു. വടികൊണ്ട് അടിക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്തു.
പോലീസ് എത്തി യുവാക്കളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇവർക്കെതിരെ പോലീസ് കേസെടുത്തു. പശു ഇറച്ചി നിരോധിച്ചിരിക്കുന്നതിനാൽ ഇവരുടെ പക്കൽ വാങ്ങിയ ഇറച്ചിക്കു രസീത് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് കേസെടുത്തത്.
ഇറച്ചിയുടെ സാമ്പിൾ പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. അക്രമികൾക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.