ഹരിയാനയിൽ കലാപം ആളിക്കത്തുന്നു; ഇമാം ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു
Tuesday, August 1, 2023 5:16 PM IST
ഗുരുഗ്രാം: ഹരിയാനയിലെ നുഹ് ജില്ലയിൽ വർഗീയ കലാപം ആളിക്കത്തുന്നു. കലാപത്തിൽ ഇമാം ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. നിരവധി പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച വിശ്വഹിന്ദു പരിഷത്തിന്റെ ഘോഷയാത്രയ്ക്കിടെയുണ്ടായ സംഘർഷമാണ് കത്തുന്നത്.
നുഹിലും സമീപ പ്രദേശങ്ങളിലും വലിയ പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു. നുഹ് ജില്ലയിൽ നിരോധനാജ്ഞ പ്ര ഖ്യാപിച്ചു. ബുധനാഴ്ച വരെ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. ജില്ലയിൽ കൂടുതൽ സുരക്ഷാസേനയെ വിന്യസിച്ചു.
സംഘർഷവുമായി ബന്ധപ്പെട്ട് 44 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 70 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കുറ്റക്കാർക്കെതിരെ ശക്തമായ നപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഗുരുഗ്രാമിലെ സെക്ടർ 56 ൽ നിർമാണത്തിലിരിക്കുന്ന മോസ്കിന് സമീപത്ത് തിങ്കളാഴ്ച രാത്രിയാണ് ഇമാം ഉൾപ്പെടെ രണ്ട് പേർ ആക്രമിക്കപ്പെട്ടത്. നാല് പേർ ചേർന്നാണ് ഇമാം മുഹമ്മദ് സാദിനെയും കൂടെയുണ്ടായിരുന്ന ഖുർഷീദിനെയും ആക്രമിച്ചു. കാലിൽ വെടിയേറ്റ ഖുർഷീദ് ഗുരതരപരിക്കേറ്റ് ചികിത്സയിലാണ്.
നുഹിലെ അക്രമത്തെക്കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചതോടെയാണ് ഗുരുഗ്രാമിലും സംഘർഷം ഉടലെടുത്തത്. രണ്ട് സമുദായത്തിലുള്ള ആളുകൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. പ്രതിഷേധക്കാർ മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു.
സംഘർഷത്തിൽ തിങ്കളാഴ്ച രണ്ട് ഹോം ഗാർഡുകൾ കൊല്ലപ്പെട്ടിരുന്നു. ഒരു ഡസനിലേറെ പോലീസുകാർക്കു പരിക്കേറ്റു. ഡിഎസ്പി സജ്ജൻ സിംഗിനു ത ലയ്ക്കും ഒരു ഇൻസ്പെക്ടർക്ക് വയറിലും വെടിയേറ്റു. പോലീസിന്റേതുൾപ്പെടെ നിരവധി വാഹനങ്ങൾക്കു തീയിട്ടു. കണ്ണീർവാതകം പ്രയോഗിച്ചാണ് അക്രമികളെ പോലീസ് തുരത്തിയത്.
വിഎച്ച്പിയുടെ ബ്രിജ് മണ്ഡൽ ജലാഭിഷേക് യാത്ര നുഹിന്റെ ഖേദ്ല മോഡിലെത്തിയപ്പോഴായിരുന്നു ഒരു സംഘം യുവാക്കൾ ഘോഷയാത്ര തടഞ്ഞത്. തുടർന്ന് കല്ലേറ് ആരംഭിച്ചു. ഘോഷയാത്രയിൽ പങ്കെടുത്തവർ തിരിച്ചു കല്ലെറിഞ്ഞു. പിന്നീട് നിരവധി പേർ സമീപത്തെ ക്ഷേത്രത്തിൽ അഭയം തേടി.
ബിജെപി ജില്ലാ പ്രസിഡന്റ് ഗാർഗി കക്കർ ആണു വിഎച്ച്പി യാത്ര ഫ്ളാഗ് ഓഫ് ചെയ്തത്. യാത്രയ്ക്കു പോലീസിന്റെ സംരക്ഷണമുണ്ടായിരുന്നു. മുസ്ലിം ഭൂരി പക്ഷപ്രദേശമായ നുഹിൽ സംഘർഷമുണ്ടായെന്ന വാർത്ത കേട്ട് സമീപത്തുള്ള സോഹ്നയിൽ മുസ്ലിം വിഭാഗക്കാരുടെ നാലു വാഹനങ്ങളും ഒരു കടയും പ്ര തിഷേധക്കാർ കത്തിച്ചു.