ഹരിയാന സംഘര്‍ഷം: നിരീക്ഷണത്തിന് ഡ്രോണ്‍, പെട്രോളും ഡീസലും കുപ്പിയില്‍ വില്ക്കാൻ പാടില്ല
വെബ് ഡെസ്ക്
Wednesday, August 2, 2023 3:59 PM IST
ഗുരുഗ്രാം: ഹരിയാനയിലെ നുഹ് ജില്ലയിലുണ്ടായ സംഘര്‍ഷം മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനുള്ള മുന്‍കരുതലുമായി സര്‍ക്കാര്‍. ഗുരുഗ്രാമിന് സമീപത്തുള്ള പ്രദേശങ്ങളിലേക്ക് സംഘര്‍ഷം വ്യാപിച്ചതോടെ സുപ്രധാന മേഖലകളെ നിരീക്ഷിക്കുവാന്‍ ഡ്രോണുകള്‍ വിന്യസിച്ചു.
ഗുരുഗ്രാമിലെ ഏതാനും കടകള്‍ തുറക്കുന്നതിനും കുപ്പിയിലോ മറ്റോ പെട്രോള്‍, ഡീസല്‍ എന്നിവ വില്പന നടത്തുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട കിംവദന്തികള്‍ വിശ്വസിക്കരുതെന്നും സമൂഹ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാകാമെന്നും പോലീസ് പ്രദേശവാസികളെ അറിയിച്ചു.
കഴിഞ്ഞ ദിവസം ഗുരുഗ്രാമിലെ ബാദ്ഷാപുരില്‍ 14 കടകള്‍ അക്രമികള്‍ തകര്‍ത്തിരുന്നു. ബിരിയാണി ഉള്‍പ്പെടെയുള്ള ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന കടകളാണ് ആക്രമിക്കപ്പെട്ടത്.
200 ഓളം ആളുകള്‍ കാറുകളിലും ബൈക്കിലും എത്തിയാണ് ആക്രമണം നടത്തിയത്. സെക്ടര്‍ 66ല്‍ ഏഴ് കടകള്‍ അഗ്നിക്കിരയാക്കി. മുസ്ലിം വിഭാഗത്തിന്റെ കടകള്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. ബാദ്ഷാപുരിലെ മോസ്കിനു മുന്നില്‍ അക്രമികള്‍ "ജയ് ശ്രീറാം' വിളിക്കുകയും ചെയ്തു.
അക്രമത്തെ തുടര്‍ന്ന് ബാദ്ഷാപുര്‍ മാര്‍ക്കറ്റ് അടച്ചു. തിങ്കളാഴ്ച ഗുരുഗ്രാമിലെ സെക്ടര്‍ 57 ല്‍ അക്രമികള്‍ മോസ്കിന് തീവയ്ക്കുകയും ഇമാമിനെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. നുഹിലെ അക്രമത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് ഗുരുഗ്രാമിലും സംഘര്‍ഷം ഉടലെടുത്തത്.
നുഹ് ജില്ലയിലുള്ള ഒരു ഹൈന്ദവ ക്ഷേത്രത്തിലേക്ക് വിശ്വ ഹിന്ദു പരിഷത്ത് നടത്തിയ ഘോഷയാത്രയ്ക്ക് നേരെ കല്ലേറുണ്ടായതാണ് സംഘര്‍ഷത്തിന് കാരണമായതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.