യുപിയിൽ അഭിഭാഷകൻ വെടിയേറ്റു മരിച്ചു
Thursday, August 10, 2023 6:24 AM IST
അലിഗഡ്: ഉത്തർപ്രദേശിലെ അലിഗഡിൽ അജ്ഞാതരുടെ വെടിയേറ്റ് അഭിഭാഷകൻ കൊല്ലപ്പെട്ടു. ജില്ലാ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അബ്ദുൾ മുഗിസ് എന്നയാളാണ് മരിച്ചതെന്ന് സീനിയർ പോലീസ് സൂപ്രണ്ട് കലാനിധി നൈതാനി അറിയിച്ചു.
ജവഹർലാൽ നെഹ്റു മെഡിക്കൽ കോളജ് ആശുപത്രിയെ ധൗര മാഫിയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡിലൂടെയുള്ള യാത്രയ്ക്കിടെ മോട്ടോർ സൈക്കിളിലെത്തിയ മൂന്നംഗ സംഘമാണ് അബ്ദുളിനു നേരെ വെടിയുതിർത്തതെന്ന് ദൃക്സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. വെടിയേറ്റ ഉടനെ ഇദ്ദേഹത്തെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സ്വത്ത് തർക്കവുമായി ബന്ധപ്പെട്ടാണ് ആക്രമണമെന്നാണ് പ്രഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി പോലീസ് വ്യക്തമാക്കി.