സുധാ മൂർത്തിയും ശങ്കർ മഹാദേവനും എൻസിഇആർടി പാഠപുസ്തക വിദഗ്ധ സമിതിയിൽ
Saturday, August 12, 2023 7:18 PM IST
ന്യൂഡൽഹി: ഇൻഫോസിസ് സ്ഥാപകൻ എൻ. നാരായണമൂർത്തിയുടെ പത്നി സുധാ മൂർത്തി, ഗായകൻ ശങ്കർ മഹാദേവൻ എന്നിവരെ എൻസിഇആർടി സിലബസ് പരിഷ്കരണ സമിതിയിൽ ഉൾപ്പെടുത്തി.
ഇവരുൾപ്പെടുന്ന 19 അംഗ സംഘമാകും പുതിയ ദേശീയ കരിക്കുലം അനുസരിച്ചുള്ള പാഠപുസ്തകങ്ങൾ തയാറാക്കാൻ മേൽനോട്ടം വഹിക്കുക. നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് എഡ്യുക്കേഷണൽ പ്ലാനിംഗ് ആൻഡ് അഡ്മിനിസ്ട്രേഷൻ ചാൻലർ എം.സി. പന്ത് ആണ് സമിതിയുടെ തലവൻ.
മൂന്ന് മുതൽ 12 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകളിൽ പരിഷ്കാരം വരുത്താനുള്ള നിർദേശങ്ങളാകും സമിതി നൽകുക. സമിതിയിലെ മറ്റ് അംഗങ്ങളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
വിദ്യാഭ്യാസരംഗവുമായി യാതൊരു ബന്ധവുമില്ലാത്ത, ബ്രാഹ്മണിക്കൽ മേധാവിത്വത്തെ മുറുകെപിടിക്കുന്ന സുധാ മൂർത്തിയെ സമിതിയിൽ ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധം ഉയർന്നുകഴിഞ്ഞു. പാഠപുസ്തകങ്ങളിൽ നിന്ന് കേന്ദ്ര സർക്കാരിന് ഇഷ്ടമല്ലാത്ത കാര്യങ്ങൾ ഒഴിവാക്കാനുള്ള ലക്ഷ്യത്തിനായി ആണ് മൂർത്തിയെ സമിതിയിൽ ഉൾപ്പെടുത്തിയത് എന്നാണ് ആരോപണം.