എല്ലാം ഒതുക്കിതീര്‍ക്കും; പിണറായി വിജയനും സുരേന്ദ്രനും ഒത്തുതീര്‍പ്പിലാണ്: സതീശന്
Saturday, August 19, 2023 2:18 PM IST
കോട്ടയം: കേരളത്തിലെ ബിജെപി നേതൃത്വം പിണറായി വിജയനുമായി ഒത്തുതീര്പ്പിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കുഴല്‍പ്പണ കേസില്‍ അറസ്റ്റിലാകേണ്ടയാളാണ് കെ.സുരേന്ദ്രന്. എന്നാലത് ഒതുക്കിത്തീര്‍ത്തു.
എസ്എന്‍സി ലാവ്ലിന് കേസ് 35ല്‍ അധികം പ്രാവശ്യം സുപ്രീം കോടതിയില്‍ വന്നു. എന്നാല്‍ സിബിഐ ഹാജരാകില്ല. കേരള സര്‍ക്കാരിന് എതിരായി കസ്റ്റംസ്, ഇഡി, എന്‍ഐഎ, സിബിഐ തുടങ്ങിയ ഏജന്‍സികള്‍ നടത്തിയിരുന്ന എല്ലാ അന്വേഷണവും അവസാനിപ്പിച്ചു. ഇതെല്ലാം ഒത്തു തീര്‍പ്പിന്റെ ഭാഗമാണെന്ന് സതീശന് ചൂണ്ടിക്കാട്ടി.
പകല്‍ സര്‍ക്കാരിനെതിരേ ആഞ്ഞടിക്കുകയും രാത്രിയില്‍ പിണറായി വിജയന്റെ കാല് പിടിക്കുകയും ചെയ്യുന്ന ജോലിയാണ് സുരേന്ദ്രന് ചെയ്യുന്നത്. പിണറായി വിജയനും സുരേന്ദ്രനും പരസ്പരം പുറം ചൊറിയുകയാണെന്നും സതീശന് പരിഹസിച്ചു.
മാസപ്പടി വിവാദത്തിലെ പ്രശ്നം കള്ളപ്പണമാണ്. ഈ പണം വെളുപ്പിക്കാനാണ് കമ്പനികള്‍ തമ്മിലുള്ള എഗ്രിമെന്റ് ഉണ്ടക്കിയിരിക്കുന്നത്. ഇവിടെ ലംഘിക്കപ്പെടുന്നത് പ്രിവന്‍ഷന്‍ ഓഫ് മണി ലോന്‍ഡറിംഗ് ആക്ട് ആണ്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റാണ് ഇതില്‍ കേസെടുക്കേണ്ടത്. എന്നാല്‍ പകരമായി കെ. സുധാകരനെതിരേ കേസെടുപ്പിക്കുകയാണ് ബിജെപിയും സിപിഎമ്മും കൂടി ചെയ്തതെന്ന് സതീശന് കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി ചെയര്‍മാനായ ലൈഫ് മിഷനില്‍ 20 കോടിയില്‍ ഒന്‍പതേ കാല് കോടി രൂപയാണ് കൈക്കൂലിയായി വാങ്ങിയത്. പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരേ കേസ് വന്നു. എന്നാല്‍ മുഖ്യമന്ത്രിക്കെതിരേ കേസില്ല. അതിന്റെ കാര്യവും ഒത്തുതീര്‍പ്പാണെന്ന് സതീശന് പറഞ്ഞു.
നേരത്തെ, മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കേരളത്തിലെ ദിവ്യന്മാരാണെന്നും ഇരുവര്‍ക്കുമെതിരായ കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നുവെന്നും കെ. സുരേന്ദ്രന് ആരോപിച്ചിരുന്നു.
മാസപ്പടി ആരോപണം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുമോയെന്നും അദ്ദേഹം ചോദിച്ചു. വ്യാജ പ്രതിപക്ഷ നേതാവാണ് സതീശനെന്നും സുരേന്ദ്രന് പരിഹസിച്ചിരുന്നു.