മന്ത്രിമാർക്കെതിരായ റിവിഷൻ ഹർജി; രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി
Wednesday, August 23, 2023 1:17 PM IST
ചെന്നൈ: തമിഴ്നാട് മന്ത്രിമാരായ തങ്കം തെന്നരശിനും കെ.കെ.എസ്.ആർ രാമചന്ദ്രനുമെതിരായ റിവിഷൻ ഹർജിയിൽ അതിരൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി.
കേസ് പരിഗണിക്കുന്ന പ്രത്യേക കോടതികളിൽ എന്തോ ചീഞ്ഞുനാറുന്നുവെന്നും ഒത്തുകളിക്കാരുമായി കോടതികൾക്ക് അവിശുദ്ധ സഖ്യമുണ്ടെന്നും ഹൈക്കോടതി വിമര്‍ശിച്ചു.
മന്ത്രിമാരുടെ റിവിഷൻ ഹർജിയിൽ ജസ്റ്റിസ് ആനന്ദ് വെങ്കിടെഷ് ആണ് രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.
കോടതികൾ എന്നാൽ പണവും അധികാരവും ഉള്ളവർക്ക് വേണ്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് മന്ത്രിമാർക്കും നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് സെപ്റ്റംബർ 20ന് പരിഗണിക്കും. മുറിവേറ്റിരിക്കുന്നത് രാജ്യത്തെ നീതി-ന്യായ സംവിധാനത്തിനാണെന്നും കോടതി ചൂണ്ടിക്കാണിച്ചു.
കോടതിയുടെ മനസാക്ഷിയെ ഞെട്ടിച്ചുവെന്നും നിയമം അട്ടിമറിക്കപ്പെടുമ്പോൾ ഭരണഘടന കോടതിയ്ക്ക് കണ്ണടയ്ക്കാനാവില്ലെന്നായിരുന്നു കോടതിയുടെ വിമർശനം.