കുമ്പളയിലെ ഫർഹാസിന്റെ മരണം; പോലീസുകാർക്കെതിരെ നടപടി
Wednesday, August 30, 2023 6:49 AM IST
കാസർഗോഡ്: കുമ്പളയിൽ പോലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് ഗുരുതര പരിക്കേറ്റ വിദ്യാർഥി മരിച്ച സംഭവത്തിൽ നടപടി. അപകടത്തിന് കാരണക്കാരായ മൂന്ന് പോലീസുകാരെ സ്ഥലം മാറ്റി.
എസ്ഐ രജിത്, സിപിഒമാരായ ദീപു, രഞ്ജിത്ത് എന്നിവർക്കെതിരെയാണ് നടപടി. അന്വേഷണത്തിന്റെ ഭാഗമായി ഇവരെ സ്ഥലംമാറ്റിയെന്നാണ് വിശദീകരണം.
അംഗടിമുഗർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയായ കാസർഗോഡ് പേരാൽ സ്വദേശി ഫർഹാസ് (17) ആണ് മംഗളൂരുവിൽ ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ചത്.
കാസർഗോഡ് കുമ്പളയിൽ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു അപകടമുണ്ടായത്. പോലീസിനെ കണ്ട് കാർ നിർത്താതെ പോയപ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു.
അനിയന്ത്രിതമായ വേഗത്തിൽ പോലീസും ഓടിച്ചതോടെ വാഹനത്തിന്റെ നിയന്ത്രണം വിട്ട് കാർ തലകീഴായി മറിയുകയായിരുന്നു. ഫര്‍ഹാസിന്റെ കാര്‍ പോലീസ് അഞ്ച് കിലോമീറ്ററോളം പിന്തുടര്ന്നിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കുമ്പള പോലീസിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥിയുടെ മാതാവ് മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. പേരാൽ കണ്ണൂർ കുന്നിലെ അബ്ദുല്ലയുടെ മകനാണ് ഫർഹാസ്.