ചൈന- പാക് അതിര്‍ത്തികളില്‍ ശക്തിപ്രകടനത്തിനൊരുങ്ങി ഇന്ത്യ; "തൃശൂൽ' വ്യോമാഭ്യാസം ജി 20 ഉച്ചകോടിക്കിടെ
Friday, September 1, 2023 11:37 AM IST
ന്യൂഡല്‍ഹി: ചൈന- പാക് അതിര്‍ത്തികളില്‍ വ്യോമാഭ്യാസത്തിനൊരുങ്ങി ഇന്ത്യ. ഈ മാസം നാലിനും 14നും ഇടയില്‍ വ്യോമാഭ്യാസം നടത്താനാണ് തീരുമാനം.
തൃശൂൽ എന്ന് പേരിട്ടിരിക്കുന്ന അഭ്യാസപ്രകടനത്തില്‍ സുഖോയ്, റഫാല്‍, മിഗ് അടക്കമുള്ള പോര് വിമാനങ്ങളും ഹെലികോപ്റ്ററുകളും പങ്കെടുക്കും. പടിഞ്ഞാറന്‍ വ്യോമ കമാന്‍ഡാണ് പത്ത് ദിവസത്തെ ശക്തിപ്രകടനം നടത്തുക.
അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെയാണ് ഇന്ത്യയുടെ നിര്‍ണായക നീക്കം. അരുണാചല്‍ പ്രദേശിനെ ഉള്‍പ്പെടുത്തി ചൈന ഭൂപടം പുറത്തുവിട്ടതിലടക്കം ഇന്ത്യ ശക്തമായി പ്രതിഷേധിച്ചിരുന്നു.
അതിര്‍ത്തിയിലെ വടക്കന്‍ മേഖല കേന്ദ്രീകരിച്ചാണ് വ്യോമാഭ്യാസ പ്രകടനം നടത്തുക. ഇരുരാജ്യങ്ങള്‍ക്കുമുള്ള മുന്നറിയിപ്പും സന്ദേശവും എന്ന രീതിയിലാണ് ശക്തിപ്രകടനം.
ജി 20 ഉച്ചകോടി നടക്കാനിരിക്കെയാണ് ഇന്ത്യ ശക്തിപ്രകടനത്തിന് ഒരുങ്ങുന്നതെന്നതും ശ്രദ്ധേയമാണ്.