പുരാവസ്തു തട്ടിപ്പുകേസ്: മുന്‍ ഡിഐജി സുരേന്ദ്രന്റെ ഭാര്യയെ അറസ്റ്റ് ചെയ്തു
Friday, September 8, 2023 10:28 PM IST
കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പുകേസില്‍ മുന്‍ ഡിഐജി എസ്. സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. കേസില്‍ ഏഴാം പ്രതിയാണ് ബിന്ദുലേഖ. ഹൈക്കോടതിയില്‍ നിന്ന് ഇവര്‍ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 1.15 ഓടെ കളമശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായ ഇവരെ മൂന്നേകാല്‍ മണിക്കൂറോളം അന്വേഷണസംഘം ചോദ്യം ചെയ്തു.
മോന്സൻ മാവുങ്കലിന്റെ അക്കൗണ്ടില്‍ നിന്ന് ബിന്ദുലേഖയുടെ അക്കൗണ്ടിലേക്ക് പണം എത്തിയതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഈ തെളിവുകള്‍ നിരത്തിയായിരുന്നു ചോദ്യം ചെയ്യല്‍. എന്നാല്‍ പണം എവിടേക്കു പോയെന്നതില്‍ വ്യക്തമായ മറുപടി ഇവര്‍ നല്‍കിയിട്ടില്ല. മോന്‍സന്റെ കലൂരിലെ വീട്ടില്‍ ബിന്ദുലേഖ പല തവണ എത്തിയതിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ഇരുവരും തമ്മില്‍ നടന്ന ഫോണ്‍വിളികളുടെ രേഖകളും ക്രൈംബ്രാഞ്ച് ശേഖരിച്ചിരുന്നു.
പുരാവസ്തുവിന്റെ മറവില്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടക്കുമ്പോള്‍ ബിന്ദുലേഖ മോന്‍സന്റെ സെക്രട്ടറിക്ക് സമാന ജീവനക്കാരിയായിരുന്നു. സുരേന്ദ്രന്റെ നിർദേശപ്രകാരം ആയിരുന്നു ഇത്. തനിക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്ന് ഇടപാടുകാരെ വിശ്വാസിപ്പിക്കാന്‍ മോന്സന് ഇതിലൂടെ കഴിഞ്ഞെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. കേസിലെ നാലാം പ്രതിയായ സുരേന്ദ്രനെ നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം, കേസിലെ ആറാം പ്രതി കിളിമാനൂര്‍ സ്വദേശി സന്തോഷ് ചോദ്യം ചെയ്യലിന് ഹാജരായില്ല. ഇയാള്‍ക്ക് വീണ്ടും നോട്ടീസ് അയക്കും.