ഫേസ്ബുക്കിൽ പോരടിച്ച് പി. ജയരാജന്റെ മകനും ഡിവൈഎഫ്ഐയും
Sunday, September 10, 2023 8:02 PM IST
കണ്ണൂർ: ഡിവൈഎഫ്ഐയിലെ മോശം പ്രവണതകൾക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി പി. ജയരാജന്റെ മകൻ ജെയിൻ രാജ്. ജെയിനിന്റെ പ്രസ്താവനകളെ പരോക്ഷമായി വിമർശിച്ച ഡിവൈഎഫ്ഐ, സംഘടനയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണിതെന്ന് ആരോപിച്ചു.
ഡിവൈഎഫ്ഐ പാനൂർ ഏരിയ സെക്രട്ടറി ആയ കിരണ്‍ പാനൂർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വിവാദ തെറിവിളി കമന്റിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് ജെയിൻ വിവാദത്തിന് തുടക്കമിട്ടത്. ഭാവിയില്‍ നയിക്കേണ്ടത് ഇവരൊക്കെയാണ് എന്ന കുറിപ്പോടെയായിരുന്നു അസഭ്യവാക്കുകള്‍ കൂടി ചേര്‍ത്ത് കൊണ്ടുള്ള ജെയിനിന്റെ പോസ്റ്റ്.
ഇതിന് പിന്നാലെ, സ്വര്‍ണക്കടത്ത് കേസ് പ്രതി അര്ജുന് ആയങ്കിയുടെ വിവാഹ ചടങ്ങില്‍ കിരണ്‍ പങ്കെടുത്ത ഫോട്ടോയും ജെയിന് പോസ്റ്റ് ചെയ്തു. 30 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്ത്, മറ്റൊരു പ്രതി അജ്മലിനൊപ്പമെത്തി അർജുന്റെ വിവാഹത്തിൽ കിരണ്‍ പങ്കെടുത്തത് ഒരു ബന്ധവും ഇല്ലാത്തത് കൊണ്ടായിരിക്കുമല്ലോ എന്നും ജെയിന് പോസ്റ്റില്‍ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് ജെയിനിനെതിരെ ഡിവൈഎഫ്ഐ രംഗത്തെത്തിയത്. സാമൂഹ്യമാധ്യമങ്ങൾ ഉപയോഗപ്പെടുത്തി സംഘടനയെയും കിരണിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണമെന്നാണ് ഡിവൈഎഫ്ഐ പറയുന്നത്.
സഭ്യേതരഭാഷ ഉപയോഗിച്ച് വ്യക്തികളെയും മറ്റും ആക്ഷേപിക്കുന്നതിന് സോഷ്യല്‍ മീഡിയെ ഉപയോഗിക്കുന്നത് ശരിയല്ലെന്നും അത് ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കുന്നില്ലെന്നും ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണെന്ന് ഡിവൈഎഫ്ഐ അറിയിച്ചു.
ഇപ്പോള്‍ ചിലര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന വിഷയം ഒരു വര്‍ഷം മുന്‍പ് തന്നെ ഡിവൈഎഫ്ഐ ചര്‍ച്ച ചെയ്യുകയും ആവശ്യമായ തെറ്റുതിരുത്തല്‍ പ്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തതാണ്.
എന്നാല്‍ വീണ്ടും ഇത് കുത്തിപ്പൊക്കിയത് ചില കുബുദ്ധികളുടെ ദുഷ്ടലാക്കാണ് വ്യക്തമാക്കുന്നത്. ഇതുവഴി സഘടനയെയും നേതാക്കളെയും പൊതുജനമധ്യത്തില്‍ താറടിച്ച് കാണിക്കാനുള്ള ഹീനശ്രമമാണ് ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.