വൈദ്യുതി കരാര്‍ റദ്ദാക്കിയതില്‍ സര്‍ക്കാരിന് പങ്കില്ല: മുഖ്യമന്ത്രി
Thursday, September 14, 2023 11:45 AM IST
തിരുവനന്തപുരം: ദീര്‍ഘകാല വൈദ്യുതി കരാര്‍ റദ്ദാക്കിയതില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാര്‍ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായാണ് റെഗുലേറ്ററി കമ്മീഷന് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
കൂടുതല്‍ തുക നല്കി വൈദ്യുതി വാങ്ങുന്നതില്‍ ജനങ്ങള്‍ക്ക് അധികഭാരം ഉണ്ടാകുമെന്ന ആശങ്ക വേണ്ട. 465 മെഗാവാട്ടിന്റെ വൈദ്യുതി കരാര്‍ റദ്ദാക്കിയത് എങ്ങനെ മറികടക്കാമെന്ന് സര്‍ക്കാര്‍ പരിശോധിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വളരെ ലാഭകരമായ കരാര്‍ റദ്ദാക്കിയതില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ചയുണ്ടായെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. കരാര്‍ റദ്ദാക്കുമ്പോള്‍ വലിയ തുക നഷ്ടപരിഹാരം നല്‍കേണ്ടി വരും.
ഇത്തരത്തില്‍ ബോര്‍ഡിനുണ്ടാകുന്ന ഭീമമായ നഷ്ടം ഉപഭോക്താക്കളില്‍നിന്ന് സര്‍ചാര്‍ജായി ഈടാക്കാനാണ് സര്‍ക്കാര്‍ നീക്കം. കരാര്‍ റദ്ദാക്കിയതില്‍ സിബിഐ അന്വേഷണം വേണമെന്നും പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടിരുന്നു.