എസ്ഐയെ കുടുക്കാന്‍ പ്രതിയെ സെല്ലില്‍ നിന്നും തുറന്നുവിട്ടു; മുന്‍ എസ്എച്ച്ഒയ്ക്കെതിരെ അന്വേഷണം
Friday, September 15, 2023 9:19 AM IST
തിരുവനന്തപുരം: എസ്ഐയെ കുടുക്കാന്‍ മോഷണക്കേസിലെ പ്രതിയെ സെല്ലില്‍ നിന്നും ഇന്‍സ്പെക്ടര്‍ തുറന്നുവിട്ടെന്ന പരാതിയില്‍ അന്വേഷണം. ആറ്റിങ്ങല്‍ ഡിവൈഎസ്പിയോട് സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് റൂറല്‍ എസ്പി ഡി.ശില്‍പ്പ നിര്‍ദ്ദേശം നല്കി.
തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിലെ മുന്‍ എസ്എച്ച്ഒ സജീഷിനെതിരെയാണ് അന്വേഷണം നടക്കുക. ക്രിമിനലുകളുമായുള്ള ബന്ധത്തിന്റെ പേരില്‍ സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥനാണ് സജീഷ്. കഴിഞ്ഞ ജനുവരിയിലാണ് സംഭവം.
മോഷണക്കേസില്‍ പിടികൂടി സെല്ലിലിട്ടിരുന്ന പ്രതി സ്റ്റേഷന് നിന്നും ചാടിപ്പോവുകയായിരുന്നു. അടുത്ത ദിവസത്തിന് ശേഷം എസ്എച്ച്ഒ സജീഷ് പ്രതിയെ അറസ്റ്റ് ചെയ്തു. എന്നാല്‍ പ്രതി ചാടിപ്പോയതിന്റെ പേരില്‍ സ്റ്റേഷനിലെ എസ്ഐ അമൃത് സിംഗ് നായകത്തിനും പാറാവ് ജോലി ചെയ്തിരുന്നു പൊലീസ് ഉദ്യോഗസ്ഥക്കുമെതിരെ വകുപ്പുതല നടപടിയുണ്ടായി.
സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടക്കുന്നതിനിടെയാണ് എസ്ഐ അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കു മുന്നില്‍ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. അഴിമതിക്ക് കൂട്ടുനില്‍ക്കാത്തിനാല്‍ തന്നെ മനഃപൂര്‍വ്വം എസ്എച്ച്ഒ കുടുക്കിയെന്നായിരുന്നു ആരോപണം.
പ്രതിയെ ചാടിപോകാന്‍ സഹായിക്കുന്ന സിസിടിവി ദൃശ്യങ്ങളും എസ്ഐ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറി. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളാണ് കൈമാറിയത്. ഇതേ തുടര്‍ന്നാണ് സജീഷിനെതിരെ അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.