മന്ത്രിസഭ പുനഃസംഘടന ഉടൻ ഉണ്ടാകില്ലെന്ന് എം.വി. ഗോവിന്ദൻ
Friday, September 15, 2023 7:32 PM IST
ന്യൂഡൽഹി: രണ്ടാം പിണറായി സർക്കാർ രണ്ടര വർഷത്തിലേക്ക് എത്തുന്ന സാഹചര്യത്തിൽ മന്ത്രിസഭ പുനഃസംഘടന ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
മന്ത്രിസഭ പുനഃസംഘടന ഉടൻ ഉണ്ടാകില്ലെന്ന് ഗോവിന്ദൻ പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോടായിരുന്നു ഗോവിന്ദന്റെ പ്രതികരണം. അതേസമയം മാധ്യമങ്ങളുടെ മറ്റ് ചോദ്യങ്ങളോട് സിപിഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചില്ല.
നവംബറില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്തിട്ട് രണ്ടര വര്‍ഷം പൂര്‍ത്തിയാകും. ഇതനുസരിച്ച് ഘടകകക്ഷി വകുപ്പുകളില്‍ മന്ത്രിമാര്‍ക്ക് മാറ്റമുണ്ടാകുമെന്ന മുന്‍ധാരണ അനുസരിച്ചാണ് പുനഃസംഘടന നടത്താനൊരുങ്ങുന്നതെന്നായിരുന്നു റിപ്പോർട്ട്.
ഇതനുസരിച്ച് മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും സ്ഥാനമൊഴിയും. ഗതാഗതവകുപ്പ് വേണ്ട എന്ന് ഗണേഷ് നേരത്തേ അറിയിച്ചിരുന്നു. ഇതോടെ ഗണേഷിന് വനംവകുപ്പ് കൊടുത്ത് എ.കെ.ശശീന്ദ്രനെ ഗതാഗത വകുപ്പിന്റെ ചുമതല ഏൽപ്പിക്കാനാണ് നീക്കം.
ഗണേഷിന് മന്ത്രിസ്ഥാനം കൊടുക്കുന്നതില്‍ സിപിഎമ്മില്‍ രണ്ട് അഭിപ്രായമുണ്ട്. സിപിഎം മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റത്തിന് സാധ്യതയുണ്ട്. മന്ത്രി വീണാ ജോർജിനെ സ്പീക്കർ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നുണ്ട്. എ.എൻ. ഷംസീറിനെ ആരോഗ്യമന്ത്രിയാക്കാനാണ് ആലോചന നടന്നിരുന്നത്.