മൂത്തകുട്ടിയെ കാറിന്റെ ഡോറിൽ വലിച്ചിഴച്ചു: നടുക്കുന്ന കാഴ്ച ഓർമിച്ച് ദൃക്സാക്ഷിയായ യുവതി
വെബ് ഡെസ്ക്
Tuesday, November 28, 2023 1:37 AM IST
കൊല്ലം∙ ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ സമയത്തെ നടുക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തി ദൃക്സാക്ഷിയായ യുവതി. കുട്ടിയെ തട്ടിക്കൊണ്ട് പോയ കാറിന്റെ ഡോറിൽ കുട്ടിയുടെ ജ്യേഷ്ഠൻ തൂങ്ങിക്കിടക്കുന്നതാണ് താൻ ആദ്യം കണ്ടതെന്നും യുവതി പറയുന്നു.
വാഹനത്തിന്റെ ഇടതുവശത്തെ പിൻഡോറിലാണ് കുട്ടി തൂങ്ങികിടന്നത്. ഈ സമയത്ത് കാർ കുട്ടിയേയും വലിച്ചിഴച്ചുകൊണ്ട് പോയി. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതി കാറിനടുത്തേക്ക് വന്നപ്പോൾ മൂത്തകുട്ടിയെ ഉപേക്ഷിച്ച് കാർ അതിവേഗം വിട്ടുപോകുകയായിരുന്നു.
കുട്ടിയെ ഓടിച്ചെന്ന് പിടിച്ചെഴുന്നേൽപ്പിച്ചപ്പോഴാണ് അനിയത്തിയെ അവർ കാറിൽ തട്ടിക്കൊണ്ട് പോയ വിവരം പറയുന്നത്. ഉടൻ തന്നെ അവിടെ ബൈക്കിലെത്തിയവരോട് ഇക്കാര്യം പറഞ്ഞു. സംഭവസമയം കുട്ടികളുടെ അമ്മൂമ്മയും ബഹളം കേട്ട് ഓടി വന്നിരുന്നു.
തങ്ങളെ ഒരു വെള്ള കാർ സ്ഥിരമായി പിന്തുടരുന്നുവെന്നും അതിൽ ചിലർ തങ്ങളെ നോക്കുന്നത് കണ്ട് ഭയമാകുന്നുവെന്നും അഭികേലും സഹോദരും കുറച്ച് ദിവസങ്ങൾക്ക് മുൻപ് തന്നെ പറഞ്ഞിരുന്നുവെന്ന് അമ്മൂമ്മ പറയുന്നു.
ഇത് കുട്ടികളുടെ തോന്നലാകാമെന്ന് കരുതി ആശ്വസിപ്പിച്ചുവെന്നും അമ്മൂമ്മ വ്യക്തമാക്കി. കുട്ടിയെ കാറിലെത്തിയവർ തട്ടിക്കൊണ്ട് പോയ ഉടൻ തന്നെ കുട്ടിയുടെ ജ്യേഷ്ഠൻ ഇക്കാര്യം ഉച്ചത്തിൽ വിളിച്ച് പറയുകയും അമ്മൂമ്മ ഓടിച്ചെല്ലുകയും ചെയ്തു.
കുട്ടികളെ നായ്ക്കൾ ഓടിച്ചതാകാമെന്ന് കരുതിയാണ് ഇവർ ആദ്യം കരുതിയത്. അടുത്തേക്ക് ചെന്നപ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതാണെന്ന് മനസിലായത്.