അബിഗേലിനെ കണ്ടെത്താൻ പോലീസിനൊപ്പം പൊതുജനവും: സൈബർ ഇടത്തിലും ജാഗ്രത
വെബ് ഡെസ്ക്
Tuesday, November 28, 2023 7:09 AM IST
കൊല്ലം: ഓയൂരിൽ ആറ് വയസുകാരി അബിഗേൽ സാറാ റെജിയെ തട്ടിക്കൊണ്ട് പോയതിന് പിന്നാലെ കുട്ടിക്കായി തിരച്ചിൽ നടത്താൻ ദൂരദേശത്ത് നിന്നടക്കമുള്ളവർ ഇവിടേയ്ക്ക് എത്തുന്നതായി റിപ്പോർട്ട്.
പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നതിനൊപ്പം തന്നെ പ്രദേശവാസികളും യുവജനസംഘടനാ പ്രവർത്തരകരും ഉൾപ്പടെ ഉറക്കം പോലും ഉപേക്ഷിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
ഇതിനിടെ കൊല്ലത്തെ ഒഴിഞ്ഞ് കിടക്കുന്ന കെട്ടിടങ്ങളിലടക്കം പോലീസ് പരിശോധന തുടരുകയാണ്. ആറ്റിങ്ങലിലെ ആലംകോട് നിന്നും ദന്പതികൾ ഉൾപ്പടെ എത്തി കുട്ടിക്കായി തിരച്ചിൽ നടത്തുകയാണെന്നും റിപ്പോർട്ട് വന്നിരുന്നു.
ഒഴിഞ്ഞ കെട്ടിടങ്ങൾക്ക് പുറമേ വനമേഖലയിലും പെട്ടന്ന് ശ്രദ്ധ എത്താത്ത സ്ഥലങ്ങളിലും ഏവരും ചേർന്ന് രാത്രി മുതൽ തന്നെ അന്വേഷണം ശക്തമാക്കി.
കുട്ടിയെ തട്ടിക്കൊണ്ട് പോയ വാർത്ത പുറത്ത് വന്ന് മിനിട്ടുകൾക്കകം തന്നെ കുട്ടിയുടെ ചിത്രവും മറ്റ് വിവരങ്ങളും സമൂഹ മാധ്യമങ്ങളിൽ വലിയ അളവിൽ പങ്കുവെക്കപ്പെട്ടിരുന്നു.
മിക്ക മലയാളികളുടേയും വാട്സാപ്പ് സറ്റാറ്റസുകളിലടക്കം അബിഗേലിന്റെ ചിത്രം പങ്കുവെച്ച് "വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന' അഭ്യർത്ഥനയുണ്ടായിരുന്നു.
മാത്രമല്ല പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രവും ഇതിനോടകം സൈബർ ഇടത്തിൽ വൻ തോതിൽ ഷെയർ ചെയപ്പെട്ട് കഴിഞ്ഞു.