നടിയെ ആക്രമിച്ച കേസ്: ദിലീപിന് തിരിച്ചടി, അതിജീവിതയുടെ ഹർജി അംഗീകരിച്ചു
Thursday, December 7, 2023 2:17 PM IST
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. അതിജീവിതയുടെ ഹർജി ഹൈക്കോടതി അംഗീകരിച്ചു.
ജില്ലാ ജഡ്ജി വസ്തുതാ അന്വേഷണം നടത്തണം. ആവശ്യമെങ്കിൽ പോലീസിന്റെയോ അന്വേഷണ ഏജൻസികളുടെയോ സഹായം തേടാമെന്നും ഒരുമാസത്തിൽ അന്വേഷണം പൂർത്തിയാക്കണമെന്നും ജസ്റ്റീസ് കെ. ബാബു ഉത്തരവിട്ടു.
വിചാരണ കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് പരിശോധിച്ചത് ആരെന്നു കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അതിജീവിതയായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നായിരുന്നു നടിയുടെ ആവശ്യം. ഇത് അംഗീകരിച്ച കോടതി പരാതിയുണ്ടെങ്കിൽ അതിജീവിതയ്ക്ക് വീണ്ടും ഹൈക്കോടതിയെ സമീപിക്കാമെന്നും അറിയിച്ചു.