സ്ത്രീധനം ചോദിച്ചെന്ന് തെളിഞ്ഞാല്‍ ഡോ. റുവൈസിന്റെ ഡിഗ്രി റദ്ദാക്കും
Thursday, December 7, 2023 6:52 PM IST
തിരുവനന്തപുരം: യുവ ഡോക്ടർ ഷഹാനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഡോ.റുവൈസ് സ്ത്രീധനം ചോദിച്ചുവെന്ന് തെളിഞ്ഞാല്‍ ഡിഗ്രി റദ്ദാക്കുമെന്ന് ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന് കുന്നുമ്മല്‍. കുറ്റം തെളിഞ്ഞാല്‍ കോഴ്സില്‍ നിന്നും പുറത്താക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീധനം ചോദിക്കുകയോ വാങ്ങുകയോ ചെയ്യില്ലെന്ന് സത്യവാങ്മൂലം ഒപ്പിട്ടു വാങ്ങിയാണ് ആരോഗ്യ സര്‍വകലാശാല പ്രവേശനം നല്‍കുന്നത്. ഇത് തെറ്റിച്ചാല്‍ പ്രവേശനവും ഡിഗ്രിയും റദ്ദാക്കുമെന്ന് സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഡോ. റുവൈസ് കുറ്റം ചെയ്തു എന്ന് നിയമപരമായി തെളിഞ്ഞശേഷമാകും നടപടിയെന്നും സർവകലാശാല അറിയിച്ചു.
ഡോ. റൂവൈസിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഒളിവിലായിരുന്ന ഇയാളെ ഇന്ന് പുലർച്ചെ കരുനാഗപ്പള്ളിയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളജ് പോലീസ് ആണ് കസ്റ്റഡിയിലെടുത്തത്. റുവൈസിനെ തിരുവനന്തപുരത്ത് എത്തിച്ച് പോലീസ് ചോദ്യം ചെയ്തുവരുകയാണ്.
കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് റുവൈസ്. പിജി ഡോക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായിരുന്നു ഇയാൾ. ബുധനാഴ്ച റുവൈസിനെതിരെ ആത്മഹത്യാപ്രേരണ, സ്ത്രീധന നിരോധന നിയമം എന്നിവ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിരുന്നു.
ഉയർന്ന സ്ത്രീധനം നൽകാത്തതിന്റെ പേരിൽ വിവാഹാലോചനയിൽ നിന്ന് പിന്മാറിയതിലെ നിരാശയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ഷഹാനയുടെ മാതാവും സഹോദരിയും പോലീസിന് മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്.