കമൽനാഥിന്റെ ബിജെപി പ്രവേശനം; വാതിലുകൾ അടയുന്നു
Thursday, February 22, 2024 5:08 PM IST
ഭോപ്പാൽ: മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽനാഥിന്റെ ബിജെപി പ്രവേശനത്തിനെതിരെ മന്ത്രി കൈലാഷ് വിജയ്വർഗിയ രംഗത്ത്.
ഞങ്ങളുടെ പാർട്ടിയിൽ കമൽനാഥിനെ ആവശ്യമില്ല. അതുകൊണ്ട് അദ്ദേഹത്തിനുനേരെ ബിജെപിയുടെ വാതിലുകൾ അടഞ്ഞുകിടക്കുമെന്നും മധ്യപ്രദേശ് ബിജെപി മുൻ അധ്യക്ഷനും മന്ത്രിയുമായ കൈലാഷ് വിജയ്വർഗിയ പറഞ്ഞു.
മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്ത പരാജയത്തെ തുടർന്ന് കമൽനാഥിനെ പിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് മാറ്റിയിരുന്നു. രാജ്യസഭാ സീറ്റിനായി ശ്രമിച്ചെങ്കിലും സീറ്റ് നൽകാൻ കോൺഗ്രസ് നേതൃത്വം തയാറായില്ല.
തുടർന്ന് കമൽനാഥും ചിന്ദ്വാര എംപിയും മകനുമായ നകുൽനാഥും ഡൽഹിയിലെത്തി ബിജെപി നേതൃത്വവുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.