തൃശൂർ ജില്ലാ പ്രസിഡന്റിനെതിരേ കേസ്; നിയമപരമായി നേരിടാൻ ബിജെപി
സ്വന്തം ലേഖകൻ
Thursday, August 8, 2024 4:27 PM IST
തൃശൂർ: ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാറിനെതിരേ ഗുരുതരമായ വകുപ്പുകൾ ചുമത്തി കേസ് രിജസ്റ്റർ ചെയ്ത ഈസ്റ്റ് പോലീസിനെതിരേ ബിജെപി നിയമപോരാട്ടത്തിനൊരുങ്ങുന്നു. അനീഷിനെതിരേ ചുമത്തിയ 107-ാം വകുപ്പ് കേസ് തൃശൂർ ആർഡിഒ കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.
സമൂഹത്തിന്റെ സമാധാന ജീവിതത്തിന് ഭീഷണിയായ സ്ഥിരം ക്രിമിനലുകൾക്കെതിരേ എടുക്കുന്ന സിആർപിസി 107 വകുപ്പാണ് ഈസ്റ്റ് പോലീസ് അനീഷിനെതിരേ ചുമത്തിയത്. കള്ളക്കേസെടുത്തതിനെതിരേ ജില്ലാ കളക്ടർ, സിറ്റി പോലീസ് കമ്മീഷണർ എന്നിവർക്കു പരാതിയും നൽകിയിരുന്നു.
ജനകീയ വിഷയങ്ങളുമായി ബന്ധപ്പെട്ടു നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തതല്ലാതെ അനീഷ്കുമാറിനെതിരേ ഒരു ക്രിമിനൽ കേസും ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണു പരാതി നൽകിയത്. ഇതിനെത്തുടർന്ന് കമ്മീഷ്ണറും കളക്ടറും നടത്തിയ അന്വേഷണത്തിൽ കേസ് നിലനിൽക്കുന്നതല്ലെന്നു കണ്ടെത്തിയിരുന്നു.
ഇതിനെത്തുടർന്നാണ് അനീഷ്കുമാറിനെതിരായ എല്ലാ ക്രിമിനൽ നടപടികളും റദ്ദാക്കിക്കൊണ്ട് തൃശൂർ ആർഡിഒ കോടതി ഉത്തരവിട്ടത്. കോടതി നടപടിയിൽ സന്തോഷമുണ്ടെന്നും നീതി നേടിയെടുക്കാൻ പോരാടിയ എല്ലാവരോടും നന്ദിയുണ്ടെന്നും ഇത്തരം നീതി നിഷേധം ഇനി ആർക്കെതിരേയും ഉണ്ടാകരുതെന്നും കോടതി വിധിയറിഞ്ഞ ശേഷം അനീഷ്കുമാർ പ്രതികരിച്ചിരുന്നു.
തൃശൂർ ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ പ്രതികാര രാഷ്ട്രീയമാണ് സിപിഎമ്മും പോലീസും ചേർന്ന് നടപ്പാക്കിയതെന്ന് ആരോപിച്ച് ബിജെപി ഡിഐജി ഓഫീസ് മാർച്ചും നടത്തിയിരുന്നു. കള്ളക്കേസ് ചുമത്തിയ ഈസ്റ്റ് പോലീസിനെതിരേ നിയമപോരാട്ടം നടത്തണമെന്ന് പാർട്ടിക്കുള്ളിൽനിന്നു വ്യാപക ആവശ്യമുയർന്നിട്ടുണ്ട്.
അതേസമയം ഇനി പോലീസുമായി തർക്കത്തിനു പോകേണ്ടെന്ന അഭിപ്രായവും ചില കോണുകളിൽ നിന്നുയർന്നിട്ടുണ്ട്. ഇക്കാര്യം വെള്ളിയാഴ്ച തൃശൂരിലെത്തുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനുമായി ജില്ലാ നേതൃത്വം ചർച്ച ചെയ്യും. ഇതിനു ശേഷമായിരിക്കും നിയമപരമായ തുടർ നടപടികൾ.
തൃശൂർ-കുന്ദംകുളം റോഡ് പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ നേതാക്കൾ ചൂണ്ടൽ സെന്ററിൽ വെള്ളിയാഴ്ച രാവിലെ മുതൽ നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്യാനാണ് സുരേന്ദ്രൻ എത്തുന്നത്.