സ്കൂൾ വിദ്യാർഥിനികൾക്കു നേരെ ലൈംഗികാതിക്രമം; ഡോക്ടർ അറസ്റ്റിൽ
Thursday, September 5, 2024 7:47 AM IST
ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ സ്കൂൾ വിദ്യാർഥിനികൾക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ഡോക്ടർ അറസ്റ്റിൽ. ലാൽഗുഡിക്കടുത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടർ എസ്. സാംസൺ ഡാനിയേലിനെയാണ് (31) പോലീസ് അറസ്റ്റു ചെയ്തത്.
സ്കൂളിന് സമീപം പ്രവർത്തിക്കുന്ന ഹോസ്റ്റലിലെ അന്തേവാസികളായ പെൺകുട്ടികളെയാണ് പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. ബുധനാഴ്ചയാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ചൈൽഡ് ഹെൽപ്പ് ലൈന് ലഭിച്ച ഫോൺ കോളിന്റെ അടിസ്ഥാനത്തിൽ ജില്ലാ ശിശു സംരക്ഷണ ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ വിദ്യാർഥികളുമായി നടത്തിയ ആശയവിനിമയത്തിനൊടുവിലാണ് ഡോക്ടർ നടത്തിയ ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള വിവരം പുറത്തുവന്നത്.
അഞ്ചിനും പത്തിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികളോടാണ് പ്രതി മോശമായി പെരുമാറിയതെന്ന് പോലീസ് പറഞ്ഞു. പോക്സോ നിയമപ്രകാരം അറസ്റ്റുചെയ്ത പ്രതിയെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു.