ഡിജിറ്റല്‍ തട്ടിപ്പുകളില്‍ കേസെടുത്ത് ഇഡി
Thursday, December 5, 2024 11:32 PM IST
കൊച്ചി: സംസ്ഥാനത്തെ ഡിജിറ്റല്‍ തട്ടിപ്പുകളില്‍ കേസെടുത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇഡി കൊച്ചി യൂണിറ്റാണ് കേസെടുത്തത്.
ഡിജിറ്റല്‍ തട്ടിപ്പുകളുടെ മറവില്‍ കള്ളപ്പണം വെളുപ്പിക്കുന്നതായും ഹവാല ഇടപാട് നടക്കുന്നതായും ഇഡിക്ക് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് സൂചന.
ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ഡിജിറ്റല്‍ തട്ടിപ്പു കേസുകളിലെ എഫ്ഐആറുകള്‍ ഇഡി ശേഖരിച്ചതായും വിവരമുണ്ട്.
കഴിഞ്ഞദിവസം ഇന്‍ഫോപാര്‍ക്ക് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസും ഇഡി അന്വേഷിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. വാഴക്കാല സ്വദേശിനിയെ കബളിപ്പിച്ച് 4.11 കോടി രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്. ഈ കേസില്‍ ഹവാല ബന്ധം കണ്ടെത്തിയിരുന്നു. പ്രതികളെ ഇഡി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. തട്ടിപ്പില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് നിഗമനം.