ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്
Tuesday, May 13, 2025 5:26 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.
അതേസമയം ആൻഡമാൻ-നിക്കോബാർ ദ്വീപുകളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, ആൻഡമാൻ സമുദ്രം, വടക്കൻ ആൻഡമാൻ സമുദ്രത്തിന്റെ ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് ഞായറാഴ്ചയോടെ കാലവർഷത്തിന് തുടക്കം കുറിച്ച് മഴയെത്തിയത്.
സാധാരണ മേയ് 18നും 19നും ഇടയിലാണ് തെക്കുപടിഞ്ഞാറൻ കാലവർഷം ആൻഡമാൻ ദ്വീപുകളിൽ എത്തുന്നത്. തുടർന്ന് ജൂൺ ഒന്നോടെ കേരളത്തിലുമെത്തും. എന്നാൽ, ആൻഡമാനിൽ പ്രതീക്ഷിച്ചതിലും നേരത്തെ എത്തിയെങ്കിലും കേരളത്തിൽ കാലവർഷം നേരത്തെ തുടങ്ങുമോയെന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ ജനറൽ കെ.ജി. രമേഷ് പറഞ്ഞു. ഈ മാസം 27 ഓടെ കേരളത്തിലും മഴ ലഭിച്ചേക്കുമെന്നാണ് നിഗമനം.
ഇക്കുറി സാധാരണ ലഭിക്കുന്നതിലും കൂടുതൽ തോതിൽ കാലവർഷം ലഭിച്ചേക്കുമെന്നാണ് ഇതുവരെയുള്ള സൂചനകളെന്ന് കാലാവസ്ഥാവിദഗ്ധർ വ്യക്തമാക്കി.