ഉള്ളുലഞ്ഞ് ഉറ്റവര്‍; മിഥുന് അവസാനമായി വീട്ടിലേക്കെത്തി
Saturday, July 19, 2025 1:39 PM IST
കൊല്ലം: തേവലക്കര സ്കൂളിലെ പൊതുദർശനം പൂർത്തിയാക്കി മിഥുന്റെ മൃതദേഹം വീട്ടിലെത്തിച്ചു. ഓടിക്കളിച്ചു നടന്ന അതേ വഴിയിലൂടെ ചേതനയറ്റ് വിളന്തറയിലെ വീട്ടിലേക്ക് മിഥുനെത്തിയത് നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി.
നാട്ടുകാരും ബന്ധുക്കളും അടക്കം നിരവധി പേരാണ് മിഥുനെ അവസാനമായി ഒരു നോക്ക് കാണാന്‍ വീട്ടിലേക്ക് എത്തിയത്. വിലാപയാത്രയായാണ് സ്കൂളിൽനിന്ന് മൃതദേഹം വീട്ടിലെത്തിച്ചത്.
വഴിനീളെ മിഥുന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നൂറുകണക്കിന് ആളുകളാണ് കാത്തുനിന്നത്. മിഥുൻ പഠിച്ച സ്കൂളിലെത്തി സഹപാഠികളും അധ്യാപകരും അടക്കമുള്ളവർ അന്തിമോപചാരം അർപ്പിച്ചു.
അതേസമയം മിഥുന്റെ അമ്മ സുജ രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയിരുന്നു. പോലീസ് അകമ്പടിയോടെ ഇവർ കൊല്ലത്തേക്ക് തിരിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിലാണ് സംസ്കാരം.