ബിഹാറിലെ ആശുപത്രി കൊലപാതകം; അഞ്ച് പ്രതികൾ അറസ്റ്റിൽ
Saturday, July 19, 2025 3:44 PM IST
കോൽക്കത്ത: പാറ്റ്നയിൽ പരോളിനിറങ്ങി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ഗുണ്ടാ തലവനെ കൊലപ്പെടുത്തിയ കേസിൽ അഞ്ച് പേർ അറസ്റ്റിൽ. കോൽക്കത്തയ്ക്കടുത്തുള്ള ന്യൂ ടൗണിൽ നിന്നാണ് ഇവരെ പിടികൂടിയത്.
ചന്ദൻ മിശ്രയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ ബിഹാർ പോലീസും പശ്ചിമ ബംഗാൾ പോലീസും സംയുക്തമായി നടത്തിയ പരിശോധനയെ തുടർന്ന് മെട്രോപോളിസിലെ സാറ്റലൈറ്റ് ടൗൺഷിപ്പിലെ ഭവന സമുച്ചയത്തിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ബിഹാറിലെ ബക്സർ ജില്ല സ്വദേശിയായ മിശ്രയെ വ്യാഴാഴ്ച രാവിലെ പാറ്റ്നയിലെ ഒരു സ്വകാര്യ ആശുപത്രിക്കുള്ളിൽ വച്ചാണ് വെടിവച്ചു കൊലപ്പെടുത്തിയത്.
"പ്രതികളെല്ലാം ന്യൂ ടൗൺ പ്രദേശത്തെ ഭവന സമുച്ചയത്തിലെ ഒരു ഫ്ലാറ്റിൽ ഒളിച്ചിരിക്കുകയായിരുന്നു. അഞ്ച് പ്രതികളിൽ നാലുപേരും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. അഞ്ചാം പ്രതി കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ അതോ മറ്റുള്ളവരെ ഒളിവിൽ പോകാൻ സഹായിച്ചതാണോ എന്ന് അന്വേഷിച്ചുവരികയാണ്'.- പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ബ്യൂർ ജയിലിലായിരുന്ന മിശ്ര പരോളിലിറങ്ങി ചികിത്സയ്ക്കായി ആശുപത്രിയിൽ പോയിരുന്നു. 12 ലധികം കൊലപാതക കേസുകൾ ഉൾപ്പെടെ 24 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ചന്ദൻ മിശ്ര.