ട്രെയിനുകളിലെ വിൽപനക്കാർക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധം
എസ്.ആർ. സുധീർകുമാർ
Saturday, July 19, 2025 9:10 PM IST
കൊല്ലം: നിയമവിരുദ്ധ കച്ചവടം തടയുന്നതിന് ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും ഭക്ഷണ സാധനങ്ങൾ വിൽപന നടത്തുന്നവർക്ക് സ്റ്റാൻഡാർഡ് ഐഡന്റിറ്റി കാർഡുകൾ നിർബന്ധമാക്കുന്നു. ഇത് സംബന്ധിച്ച അടിയന്തിര നിർദേശം റെയിൽവേ മന്ത്രാലയം എല്ലാ സോണുകളിലെയും മേധാവികൾക്ക് കൈമാറി.
യാത്രക്കാർക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന മായം ചേർത്ത ഭക്ഷ്യവസ്തുക്കൾ വിൽകുന്ന അനധികൃത കച്ചവടക്കാർ വലിയ ഭീഷണിയായി മാറിയെന്ന് റെയിൽവേ വാണിജ്യ വിഭാഗത്തിന്റെ നിർദേശത്തിൽ എടുത്തു പറയുന്നു. ഇത് അതീവ ഗൗരവകരമായ പ്രശ്നമായി പരിഗണിച്ചാണ് എല്ലാ സോണുകളിലേക്കും സർക്കുലർ അയച്ചിട്ടുള്ളത്.
ട്രെയിനുകൾക്ക് ഉള്ളിലോ സ്റ്റേഷനുകളിലോ വിവിധ സേവനങ്ങൾ നൽകുന്നതിന് ലൈസൻസ് ലഭിച്ചിട്ടുള്ള സ്ഥാപനങ്ങൾ അവരുടെ അംഗീകൃത കച്ചവടക്കാർക്കും സഹായികൾക്കും ഇതര ജീവനക്കാർക്കും നിർബന്ധമായും തിരിച്ചറിയൽ കാർഡ് നൽകണം എന്നാണ് പ്രധാന നിർദേശം.
റെയിൽവേ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിന്റെയോ അല്ലെങ്കിൽ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്റെയോ അധികൃതർ നിഷ്കർഷിക്കുന്ന ഫോർമാറ്റുകളിലുള്ള ഐഡന്റിറ്റി കാർഡുകളാണ് നൽകേണ്ടത്.
തിരിച്ചറിയൽ കാർഡുകളിലെ ഫോർമാറ്റുകളിൽ വിൽപ്പനക്കാരന്റെ പേര്, ആധാർ നമ്പർ, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വിവരങ്ങൾ അതിന്റെ സാധുതാ തീയതി, പോലീസ് വെരിഫിക്കേഷൻ റിപ്പോർട്ടും സാധുതാ തീയതിയും, ലൈസൻസിയുടെ പേര് എന്നിവയും നിർബന്ധമായും ഉൾപ്പെടുത്തണമെന്ന് സർക്കുലറിൽ പറയുന്നു.
അതത് സ്റ്റേഷനുകളിലെ സൂപ്രണ്ട്/മാനേജർ, അല്ലെങ്കിൽ ഐആർസിറ്റിസിയുടെ അംഗീകൃത ഉദ്യോഗസ്ഥർ എന്നിവരിൽ ആരെങ്കിലും തിരിച്ചറിയൽ കാർഡുകളിൽ ഒപ്പിടുകയും വേണം. എല്ലാ നടപടിക്രമങ്ങളും പാലിച്ച ശേഷം മാത്രമേ തിരിച്ചറിയൽ കാർഡുകൾ നൽകാവൂ എന്നും സർക്കുലറിൽ പറയുന്നു.
കാർഡുകൾ ലഭിച്ചവർ ജോലിക്ക് എത്താത്ത സാഹചര്യം ഉണ്ടായാൽ സേവനങ്ങൾ കൈകാര്യം ചെയ്യുന്നതിന് നിശ്ചിത എണ്ണം കാർഡുകൾ റിസർവ് വിൽപ്പനക്കാർക്കും സഹായികൾക്കും നൽകാൻ കരുതണമെന്നും നിർദേശത്തിലുണ്ട്. തിരിച്ചറിയൽ കാർഡ് വ്യക്തമായി പ്രദർശിപ്പിക്കാതെ ഒരു വിൽപ്പനക്കാരനെയും റെയിൽവേ സ്റ്റേഷൻ പരിസരത്ത് കാറ്ററിംഗ് ഇനങ്ങൾ വിൽക്കാൻ അനുവദിക്കരുതെന്നും സർക്കുലറിൽ വ്യവസ്ഥയുണ്ട്.
വിൽപനക്കാരനോ സഹായിയോ ജോലി ഉപേക്ഷിക്കുകയാണെങ്കിൽ അയാൾ തിരിച്ചറിയൽ കാർഡ് ലൈസൻസിക്ക് തിരികെ സമർപ്പിക്കണം. ഈ സാഹചര്യത്തിൽ പുതിയ ആൾക്ക് ഐഡന്റിറ്റി കാർഡ് നൽകുന്നതിന് ലൈസൻസി റെയിൽവേ അധികൃതരുടെയോ ഐആർസിറ്റിസിയുടേയോ അനുമതിയും വാങ്ങിക്കേണ്ടതുണ്ട്.
ലൈസൻസികളുടെ വിൽപ്പനക്കാർ, സഹായികൾ, മറ്റ് ജീവനക്കാർ എന്നിവരുടെ വിശദ വിവരങ്ങൾ ബന്ധപ്പെട്ട സ്റ്റേഷനുകളിലും ട്രെയിനുള്ളിലും പ്രത്യേകം രജിസ്റ്ററിലാക്കി സൂക്ഷിക്കണമെന്നും പുതിയ നിർദേശത്തിൽ വ്യക്തമാക്കുന്നു.