നിലമ്പൂർ ആർടി ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; 49,500 രൂപ കണ്ടെടുത്തു
Saturday, July 19, 2025 10:11 PM IST
മലപ്പുറം: നിലമ്പൂർ ആർടി ഓഫീസിൽ വിജിലൻസ് റെയ്ഡ്. പരിശോധനക്കിടെ ജനൽ വഴി പുറത്തേക്ക് വലിച്ചെറിഞ്ഞ 49,500 രൂപ വിജിലൻസ് കണ്ടെടുത്തു. ഒരു ഏജന്റിൽ നിന്ന് 5000 രൂപയും വിജിലൻസ് റെയ്ഡിൽ നിന്ന് കണ്ടെടുത്തു.
ഓഫീസ് സമയം അവസാനിക്കുന്നതിന് തൊട്ടു മുൻപാണ് നിലമ്പൂർ ആർടി ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന നടന്നത്. കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസിലേക്ക് വിജിലൻസ് എത്തി.
അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും ഏജന്റുമാരെയും വിശദമായ ദേഹ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടു. കെട്ടിടത്തിന് താഴെ നിന്നിരുന്ന വിജിലൻസ് സിഐ ജ്യോതീന്ദ്രകുമാറിനും അഗ്രികൾച്ചറൽ ഓഫീസർ നിതിനും മുൻപിലാണ് ഒന്നാം നിലയിൽ നിന്ന് പണം വന്നുവീണത്.
49,500 രൂപയുടെ കെട്ടാണ് ജനൽ വഴി താഴത്തേക്കിട്ടത്. ഇതാരാണ് ചെയ്തതെന്ന് വ്യക്തമായിട്ടില്ല. ഡ്രൈവിംഗ് സ്കൂളിന്റെ ഉടമയായ ഏജന്റിൽ നിന്ന് 5000 രൂപയും കണ്ടെടുത്തു. പുതിയ വാഹനം രജിസ്റ്റർ ചെയ്യുന്നതിന്, മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്ന വാഹനങ്ങൾ റീ രജിസ്റ്റർ ചെയ്യുന്നതിന്, ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിന് ഉൾപ്പെടെ കൈക്കൂലി വാങ്ങുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന.