എറണാകുളത്ത് അയല്‍വാസി തീകൊളുത്തിയ ദമ്പതികളിൽ ഭർത്താവിന്റെ നില ഗുരുതരം
Saturday, July 19, 2025 10:59 PM IST
കൊച്ചി: എറണാകുളത്ത് അയല്‍വാസി തീകൊളുത്തിയ ദമ്പതികളിൽ ഭർത്താവിന്റെ നില ഗുരുതരമായി തുടരുന്നു. അയല്‍വാസി വടുതല പൂവത്തിങ്കല്‍ വില്യംസ് കൊറയ (52)യുടെ ആക്രമണത്തില്‍ വടുതല കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ ക്രിസ്റ്റി എന്ന ക്രിസ്റ്റഫറി (54)ന്റെ നിലയാണ് ഗുരുതരമായി തുടരുന്നത്. ഭാര്യ മേരി(50)യും ചികിത്സയിലാണ്.
ക്രിസ്റ്റഫറിന് 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ക്രിസ്റ്റഫറും മേരിയും ലൂര്‍ദ്ദ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിനു ശേഷം വില്യംസ് കൊറിയ വീടിനുള്ളില്‍ കയറി തൂങ്ങിമരിച്ചു.
എറണാകുളം ലൂര്‍ദ്ദ് ആശുപത്രിയ്ക്ക് സമീപം ഗോള്‍ഡ് സ്ട്രീറ്റില്‍ വെള്ളിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. പള്ളിയില്‍ പോയി ക്രിസ്റ്റഫറും മേരിയും തിരികെ വരുമ്പോള്‍ വില്യംസ് ഇവരുടെ സ്കൂട്ടര്‍ തടഞ്ഞു നിര്‍ത്തി കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ ഇവരുടെ ദേഹത്തേക്ക് ഒഴിച്ച് ലൈറ്റര്‍ കൊണ്ട് കത്തിക്കുകയായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു.
ബഹളം കേട്ട് ആളുകള്‍ ഓടികൂടിയതോടെ വില്യംസ് ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ നോര്‍ത്ത് പോലീസില്‍ വിവരമറയിച്ചു. പോലീസ് എത്തിയതോടെ ഇയാള്‍ ഓടി വീടിനകത്ത് കയറി. തുടര്‍ന്ന് പോലീസ് എത്തി നോക്കിയപ്പോള്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വില്യംസ് കൊറയ അവിവാഹിതനാണ്.