മോദി സർക്കാരിന്റെ ബ്ലൂ ഇക്കോണമി മത്സ്യത്തൊഴിലാളികൾക്ക് ഒരുക്കിയ കെണിയെന്ന് കെ.സി. വേണുഗോപാൽ
Saturday, July 19, 2025 11:25 PM IST
തിരുവനന്തപുരം: മോദി സർക്കാരിന്റെ ബ്ലൂ ഇക്കോണമി മത്സ്യത്തൊഴിലാളികൾക്ക് ഒരുക്കിയ കെണിയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. കേന്ദ്ര സർക്കാരിന്റെ പുതിയ ആഴക്കടൽ മത്സ്യബന്ധനനയത്തിനെതിരെയും, കടൽമണൽ ഖനന നടപടികൾക്കെതിരേയും അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോണ്ഗ്രസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കടൽ സന്പത്ത് അദാനിക്കും അംബാനിക്കുകമായി വീതം വയ്ക്കുകയാണ്. അതിനു വേണ്ടിയാണ് കേന്ദ്ര സർക്കാരിന്റെ നയങ്ങൾ. വൻകിട കപ്പൽ കന്പനികളുടെ കടന്നുവരവ് ഈ മേഖലയിൽ പണിയെടുക്കുന്ന ചെറുയാനങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗത്തിന് ഭീഷണിയാണ്. അനുവദനീയമായ യാനങ്ങളുടെ മൂന്നു മടങ്ങ് നിലവിലുള്ളപ്പോഴാണ് വൻകിട കപ്പലുകൾക്കു കൂടി ആഴക്കടലിൽ അനുമതി നൽകുന്നത്.
പരന്പരാഗത മത്സ്യത്തൊളിലാളികളുടെ സബ്സിഡി ഉൾപ്പെടെയുള്ള ആനുകൂല്യം വെട്ടിച്ചുരുക്കുന്പോൾ കോടികൾ വിലവരുന്ന യാനങ്ങൾക്ക് 50 ശതമാനം വരെ സബ്സിഡിയും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുകയാണ് കേന്ദ്രസർക്കാർ.
യുപിഎ സർക്കാര് നൽകിയ മണ്ണെണ്ണ സബ്സിഡി കേന്ദ്രസർക്കാരും ഉമ്മൻ ചാണ്ടി സർക്കാർ മത്സ്യഫെഡ് വഴി നൽകിയ 50 ശതമാനം സബ്സിഡിയിൽ നൽകിയ മണ്ണെണ്ണ പിണറായി സർക്കാരും വെട്ടിച്ചുരിക്കിയെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.