"അയാള്‍ എന്നെ ചവിട്ടിക്കൂട്ടി, ജീവിക്കാന്‍ പറ്റുന്നില്ല': ഷാർജയിൽ ജീവനൊടുക്കിയ അതുല്യയുടെ ശബ്ദസന്ദേശം പുറത്ത്
Sunday, July 20, 2025 11:00 AM IST
കൊല്ലം: ഷാർജയിൽ കൊല്ലം സ്വദേശിനി അതുല്യ(30)യെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭർത്താവ് സതീഷിന്റെ ക്രൂരതകൾ വിവരിച്ച് അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശം മാധ്യമങ്ങൾ പുറത്തുവിട്ടു.
തന്നെ അയാൾ ചവിട്ടിക്കൂട്ടിയെന്നും ജീവിക്കാൻ പറ്റുന്നില്ലെന്നും ശബ്ദസന്ദേശത്തിൽ അതുല്യ പറയുന്നുണ്ട്. ഇത്രയൊക്കെ കാണിച്ചിട്ടും അയാൾക്കൊപ്പം നിൽക്കേണ്ട അവസ്ഥയാണ്. ധൈര്യമില്ലാത്തത് കൊണ്ടാണ് ആത്മഹത്യ ചെയ്യാത്തതെന്നും അതുല്യ സന്ദേശത്തിൽ പറയുന്നു.
അതുല്യയുടെ വിവാഹം കഴിഞ്ഞതുമുതൽ പ്രശ്നങ്ങള്‍ ആരംഭിച്ചിരുന്നുവെന്നും സതീഷിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള ദുരനുഭവങ്ങള്‍ തന്നോട് അതുല്യ പറഞ്ഞിട്ടുണ്ടെന്നും നാട്ടിലെ സുഹൃത്ത് വെളിപ്പെടുത്തിയിട്ടുണ്ട്.
ശാരീരികവും മാനസികവുമായുള്ള പീഡനം തുടര്‍ന്നിരുന്നു. ബുദ്ധിമുട്ടാണെങ്കിൽ ബന്ധം ഉപേക്ഷിക്കാനും വീട്ടിലേക്ക് വരാനും വീട്ടുകാര്‍ പറഞ്ഞിരുന്നു. എന്നാൽ, പലപ്പോഴും ചെയ്ത കാര്യങ്ങളൊന്നും ഓര്‍മയില്ലെന്നും പറ്റിപ്പോയെന്നുമൊക്കെ സതീഷ് മാപ്പ് പറഞ്ഞിരുന്നു. തുടര്‍ന്ന് വീണ്ടും സതീഷിനൊപ്പം ജീവിക്കാൻ അതുല്യ തീരുമാനിക്കുകയായിരുന്നുവെന്നും അതുല്യയുടെ സുഹൃത്ത് പറയുന്നു.
ഇതിനിടെ അതുല്യയുടെ കുടുംബത്തിന്റെ പരാതിയിൽ സതീഷിനെതിരേ കൊല്ലം ചവറ തെക്കുംഭാഗം പോലീസ് കൊലപാതക കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ശാരീരിക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകളും പോലീസ് ചുമത്തിയിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരിൽ പ്രതി സതീഷ് ഭാര്യയെ പീഡിപ്പിച്ചിരുന്നുവെന്നാണ് എഫ്ഐആറിലുള്ളത്.
ഷാർജയിലെ ഫ്ലാറ്റിനുള്ളിൽ തൂങ്ങിയ നിലയിലാണ് അതുല്യയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചു കാലമായി ഷാർജയിൽ ജോലി ചെയ്തുവരികയായിരുന്നു അതുല്യ. ഇന്ന് പുതിയ ജോലിയൽ പ്രവേശിക്കാനിരിക്കെയാണ് മരണം.
ഭർത്താവ് സതീഷിന്റെ പീഡനത്തെ തുടർന്നാണ് യുവതി മരിച്ചതെന്ന് കുടുംബം ആരോപിച്ചു. മരിക്കുന്നതിന് മുൻപ് അതുല്യ കുടുംബത്തിന് പീഡനത്തിന്റെ തെളിവായി ചിത്രങ്ങളും വീഡിയോകളും അയച്ചു നൽകിയതായി ബന്ധുക്കൾ വ്യക്തമാക്കി.