വിമാന ദുരന്തം: "വൈദ്യുതി വിതരണത്തിൽ തകരാർ സംഭവിച്ചു; ഒരു മണിക്കൂർ മുമ്പ് ട്രാൻസ് ഡ്യൂസറിൽ അറ്റകുറ്റപ്പണികൾ നടത്തി'
Sunday, July 20, 2025 11:18 AM IST
ന്യൂഡൽഹി: അഹമ്മദാബാദിൽ തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിലെ വൈദ്യുതി വിതരണത്തിൽ തകരാർ സംഭവിച്ചെന്ന് കണ്ടെത്തിയതായി റിപ്പോർട്ട്. വിമാനത്തിന്റെ പിൻഭാഗത്തെ ചില യന്ത്രഭാഗങ്ങൾ കത്തിയത് വൈദ്യുതി തകരാർ മൂലമുള്ള തീപിടുത്തത്തിലാണോയെന്നും സംശയിക്കുന്നു.
അപകടത്തിൽ ഹോസ്റ്റൽ കെട്ടിടത്തിൽ ഇടിച്ച് നിന്ന വിമാനത്തിന്റെ പിൻഭാഗത്തിന്റെ വിശദമായ പരിശോധനയിലാണ് കണ്ടെത്തല്‍. പിൻഭാഗത്തെ ചില യന്ത്ര ഭാഗങ്ങളിൽ മാത്രമാണ് തീപിടുത്തം കണ്ടെത്താനായത്. പിൻഭാഗത്തെ ബ്ലാക്ക് ബോക്സ് പൂർണമായും കത്തിയമർന്നിരുന്നു. പിന്നിൽ നിന്ന് കണ്ടെടുത്ത എയർഹോസ്റ്റസിന്റെ മൃതദേഹം കത്തിക്കരിഞ്ഞിരുന്നില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു.
ലണ്ടനിലേക്ക് വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പ് വിമാനത്തിന്റെ ട്രാൻസ് ഡ്യൂസറിൽ അറ്റകുറ്റപ്പണികൾ നടത്തിയതിനും തെളിവുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ട്രാൻസ് ഡ്യൂസറിലെ തകരാർ വിമാനത്തിലെ മുഴുവൻ വൈദ്യത സംവിധാനത്തെയും ബാധിക്കുന്നതാണ്.