കോൺഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞിട്ടു, ചികിത്സ കിട്ടാതെ യുവാവ് മരിച്ചെന്ന് പരാതി
Sunday, July 20, 2025 9:38 PM IST
തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആംബുലന്‍സ് തടഞ്ഞതിനെത്തുടര്‍ന്ന് യുവാവ് ചികിത്സ കിട്ടാതെ മരിച്ചെന്ന് പരാതി. വിതുര സ്വദേശി ബിനുവിന്റെ മരണത്തിലാണ് ബന്ധുക്കള്‍ പരാതിയുമായി രംഗത്തെത്തിയത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വച്ചായിരുന്നു ബിനുവിന്റെ മരണം. വിഷം കഴിച്ചനിലയില്‍ ബിനുവിനെ വിതുര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇവിടെനിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആംബുലന്‍സ് തടഞ്ഞ് പ്രതിഷേധിച്ചതെന്നാണ് ആരോപണം.
ഇന്‍ഷുറന്‍സ് ഇല്ലെന്ന് പറഞ്ഞായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആംബുലന്‍സ് തടഞ്ഞിട്ടത്. ആംബുലന്‍സ് തടഞ്ഞത് കാരണം ബിനുവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയെന്നും ബന്ധുക്കള്‍ ആരോപിച്ചു.
അതേസമയം പ്രതിഷേധത്തിനുശേഷമാണ് ബിനുവിനെ വിതുര ആശുപത്രിയില്‍ കൊണ്ടുവന്നതെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിശദീകരണം.