വിതുരയിൽ ആംബുലൻസ് തടഞ്ഞ സംഭവത്തിൽ കേസ്
Sunday, July 20, 2025 11:19 PM IST
തിരുവനന്തപുരം: വിതുരയിൽ ആംബുലൻസ് തടഞ്ഞ സംഭവത്തിൽ കേസ്. പത്ത് പേർക്കെതിരെയാണ് കേസെടുത്തത്. ഡിസിസി ജനറൽ സെക്രട്ടറി റോഷി ലാലാണ് കേസിൽ ഒന്നാംപ്രതി. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ പ്രതി ചേർത്താണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രോഗിയെ കയറ്റാൻ വന്ന ആംബുലൻസ് തടഞ്ഞെന്നാണ് എഫ്ഐആർ.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആംബുലന്‍സ് തടഞ്ഞതിനെത്തുടര്‍ന്ന് യുവാവ് ചികിത്സ കിട്ടാതെ മരിച്ചെന്ന് പരാതി ഉയർന്നിരുന്നു. വിതുര സ്വദേശി ബിനുവിന്റെ മരണത്തിലാണ് ബന്ധുക്കള്‍ പരാതിയുമായി രംഗത്തെത്തിയത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വച്ചായിരുന്നു ബിനുവിന്റെ മരണം. വിഷം കഴിച്ചനിലയില്‍ ബിനുവിനെ വിതുര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇവിടെനിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആംബുലന്‍സ് തടഞ്ഞ് പ്രതിഷേധിച്ചതെന്നാണ് ആരോപണം.
ഇന്‍ഷുറന്‍സ് ഇല്ലെന്ന് പറഞ്ഞായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആംബുലന്‍സ് തടഞ്ഞിട്ടത്. ആംബുലന്‍സ് തടഞ്ഞത് കാരണം ബിനുവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.