ആംബുലന്‍സ് തടഞ്ഞ സംഭവം: യൂത്ത് കോൺഗ്രസിനെ വിമർശിച്ച് ആരോഗ്യമന്ത്രി
Sunday, July 20, 2025 11:50 PM IST
തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവം അങ്ങേയറ്റം അപലപനീയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇത് ഉത്തരവാദിത്വമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിക്കോ സംഘടനയ്ക്കോ ചേര്‍ന്ന പ്രവര്‍ത്തനമല്ലെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
സംഭവത്തില്‍ വിതുര താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും രോഗിയെ ആംബുലന്‍സില്‍ കയറ്റാതെ തടസം സൃഷ്ടിക്കുകയും അസഭ്യം പറയുകയും, ആംബുലന്‍സ് തടയുകയും ചെയ്തുവെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ പരാതിയെന്നും മന്ത്രി വ്യക്തമാക്കി.
ഇന്‍ഷുറന്‍സും ഫിറ്റ്നസുമുള്ള ആംബുലന്‍സാണെങ്കിലും ഇതൊന്നും ഇല്ല എന്ന തെറ്റായ ആരോപണം ഉന്നയിച്ചാണ് തടഞ്ഞതെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി.