വിനായകന് പൊതുശല്യമായി മാറുന്നു, സർക്കാർ പിടിച്ചുകെട്ടി ചികിത്സിക്കണം: മുഹമ്മദ് ഷിയാസ്
Friday, August 8, 2025 3:33 PM IST
കൊച്ചി: നടന് വിനായകനെതിരേ രൂക്ഷവിമർശനവുമായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. വിനായകന് ഒരു പൊതു ശല്യമായി മാറുന്നുവെന്നും സര്‍ക്കാര്‍ പിടിച്ചുകെട്ടി കൊണ്ടുപോയി ചികിത്സിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിനായകൻ ലഹരി ഉപയോഗിച്ചിട്ടാണ് ഇതെല്ലാം പറയുന്നത്. അദ്ദേഹം താമസിക്കുന്ന ഫ്ലാറ്റിൽ തന്നെ പ്രശ്നമുണ്ടാക്കിയിരുന്നു. തുണിയുരിഞ്ഞ് പച്ചത്തെറി പറയുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ കാണാനും കേൾക്കാനും ഇടയായി. ശക്തമായ നിയമ നടപടി സ്വീകരിക്കണം.
ഇത്തരത്തിൽ മാനസിക വിഭ്രാന്തി കാണിക്കുന്ന ആളുകൾക്ക് എന്തു ചികിത്സയാണോ വേണ്ടത്, അതു കൊടുക്കുക. എല്ലാം ചെയ്തു കഴിഞ്ഞിട്ട് സോറി പറഞ്ഞിട്ട് കാര്യമില്ല. ഇതിങ്ങനെ നിരന്തരം ആവർത്തിച്ച് എല്ലാവർക്കും ഒരു തലവേദനയായി മാറുമ്പോൾ ജനം ഇവരെ ജനം തെരുവില്‍ നേരിടേണ്ട അവസ്ഥയാകുമെന്നും ഷിയാസ് കൂട്ടിച്ചേർത്തു.
ലഹരിക്കേസുകളില്‍പ്പെടുന്ന താരങ്ങള്‍ക്ക് വലിയ പരിരക്ഷയാണ് സര്‍ക്കാരും പൊതുസമൂഹവും നല്‍കുന്നത്. അവരെ ആരാധിക്കുന്നവര്‍ക്ക് തെറ്റായ സന്ദേശം നല്‍കും. തനിക്ക് തെറ്റുപറ്റിയതായി വേടന് ഏറ്റു പറഞ്ഞു. എന്നാല്‍ എത്രപേര്‍ക്ക് അതിന് കഴിയും. സിനിമാ മേഖലയിലുള്ളവര്‍ ഗൗരവമായി ചിന്തിക്കേണ്ടതാണെന്നും ഷിയാസ് പറഞ്ഞു.