യുഎസ് തീരുവ: 40 രാജ്യങ്ങളിലേക്ക് വസ്ത്രകയറ്റുമതി വർധിപ്പിക്കാൻ ഇന്ത്യ
Thursday, August 28, 2025 7:36 AM IST
ന്യൂഡൽഹി: അമേരിക്കൻ തീരുവയുടെ ആഘാതത്തിൽനിന്ന് കരകയറാൻ യുകെ, ജർമനി, ഫ്രാൻസ്, ഇറ്റലി ഉൾപ്പെടെ 40 രാജ്യങ്ങളിലേക്ക് വസ്ത്ര കയറ്റുമതി വർധിപ്പിക്കാനുള്ള പദ്ധതിയുമായി ഇന്ത്യ. ഇന്ത്യൻ എംബസികളുടെ സഹകരണത്തോടെ ഈ രാജ്യങ്ങളിലെ കയറ്റുമതി സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താനാണ് നീക്കം.
സ്പെയിൻ, നെതർലൻഡ്സ്, പോളണ്ട്, കാനഡ, മെക്സികോ, റഷ്യ, ബെൽജിയം, തുർക്കിയ, യുഎഇ, ഓസ്ട്രേലിയ, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയവയാണ് ഇന്ത്യ ലക്ഷ്യമിടുന്ന മറ്റ് രാജ്യങ്ങൾ. ഈ രാജ്യങ്ങളിലേക്ക് കയറ്റുമതി വർധിപ്പിച്ചാൽ അമേരിക്ക ഏർപ്പെടുത്തിയ 50 ശതമാനം തീരുവയുടെ ആഘാതം ഒരു പരിധി വരെ കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
220ൽ അധികം രാജ്യങ്ങളിലേക്ക് ഇന്ത്യ വസ്ത്ര കയറ്റുമതി നടത്തുന്നുണ്ടെങ്കിലും ഈ 40 രാജ്യങ്ങളാണ് ഏറ്റവും പ്രധാനം. 52 ലക്ഷം കോടിയുടെ വസ്ത്ര ഇറക്കുമതിയാണ് ഇന്ത്യ ലക്ഷ്യമിടുന്ന 40 രാജ്യങ്ങൾ നടത്തുന്നത്. ഇതിൽ ഇന്ത്യയുടെ വിഹിതം അഞ്ച്-ആറ് ശതമാനം മാത്രമാണ്. ഇതു വർധിപ്പിക്കുകയാണ് ലക്ഷ്യം.