യുഎസ് തീരുവ: പ്രതിസന്ധിയിലായ കയറ്റുമതിക്കാരെ രക്ഷിക്കാൻ പ്രത്യേക പാക്കേജ് കൊണ്ടുവരുമെന്ന് ധനമന്ത്രി
Friday, September 5, 2025 10:16 PM IST
ന്യൂഡല്‍ഹി: യുഎസ് ചുമത്തിയ ഉയര്‍ന്ന തീരുവ മൂലം പ്രതിസന്ധിയിലായ കയറ്റുമതിക്കാരെ സംരക്ഷിക്കാന്‍ പ്രത്യേക ആശ്വാസ പാക്കേജ് ഉടൻ കൊണ്ടുവരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്.
സാഹചര്യം ഉടന്‍ മാറുമെന്നു പറഞ്ഞ് കയറ്റുമതിക്കാരെ ഉപേക്ഷിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും മന്ത്രി പറഞ്ഞു. ഓഗസ്റ്റ് 27 മുതല്‍ യുഎസ് ഏര്‍പ്പെടുത്തിയ 50 ശതമാനം താരിഫുകള്‍ ബാധിച്ച വ്യവസായങ്ങള്‍ക്കുവേണ്ടിയാണ് പാക്കേജ് എന്നും നിർമല സീതാരാമന് വ്യക്തമാക്കി.
കയറ്റുമതിക്കാരെ സഹായിക്കാന്‍ പല ഘടകങ്ങളടങ്ങിയ പാക്കേജാണ് കൊണ്ടുവരുന്നത്. ഇതിന് മന്ത്രിസഭയുടെ അംഗീകാരം ലഭിക്കാന്‍ കാത്തിരിക്കുകയാണ്. കയറ്റുമതിക്കാരെ സംബന്ധിച്ച് പുതിയ വിപണികള്‍ പെട്ടെന്ന് കണ്ടെത്തുന്നത് ഒരു വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ കയറ്റുമതിക്കാരെ സഹായിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം പാക്കേജിന്റെ വിശദാംശങ്ങള്‍ അവര്‍ വെളിപ്പെടുത്തിയില്ല. റഷ്യയില്‍നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് തുടരുമെന്നും സീതാരാമന് വ്യക്തമാക്കി.
ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 27 മുതൽ പ്രാബല്യത്തിൽ വന്ന ഈ അധിക തീരുവ ഇന്ത്യയിൽ നിന്നുള്ള വിവിധ സെക്ടറുകളിലെ കയറ്റുമതിക്കാരെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.