മഞ്ഞുരുകുന്നു; ട്രംപിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി
Saturday, September 6, 2025 11:13 AM IST
വാഷിംഗ്ടണ്‍: താരിഫ് യുദ്ധത്തിനിടെ ഇന്ത്യ- അമേരിക്ക ബന്ധത്തിൽ മഞ്ഞുരുകലെന്ന് സൂചന. മോദി എപ്പോഴും സുഹൃത്താണെന്ന ട്രംപിന്റെ പ്രസ്താവനയെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. ഇന്ത്യ - യുഎസ് ബന്ധത്തെക്കുറിച്ചുള്ള ട്രംപിന്റെ നിലപാടിനെ പൂർണമായും അംഗീകരിക്കുന്നുവെന്നും മോദി വ്യക്തമാക്കി.
ഡോണാൾഡ് ട്രംപിനെ ടാഗ് ചെയ്താണ് മോദിയുടെ ട്വീറ്റ്. ഇന്നലെയാണ് ഇന്ത്യ- യുഎസ് ബന്ധം വഷളാക്കുന്ന പ്രസ്താവനയുമായി ഡോണൾഡ് ട്രംപ് രംഗത്തെത്തിയത്. ഇരുണ്ട ദൂരൂഹ ചൈനീസ് പക്ഷത്തേക്ക് ചേർന്ന ഇന്ത്യയ്ക്കും റഷ്യയ്ക്കും സമൃദ്ധ ഭാവി ആശംസിക്കുന്നു എന്നായിരുന്നു ട്രംപിന്റെ പരിഹാസം.
മോദിയും ഷി ജിൻപിംഗും പുടിനും ഒന്നിച്ചു നിൽക്കുന്ന ചിത്രം നൽകിക്കൊണ്ടാണ് ട്രംപ് മൂന്ന് രാജ്യങ്ങളെയും പരിഹസിച്ചത്. ഞാന്‍ എപ്പോഴും മോദിയുമായി സൗഹൃദത്തിലായിരിക്കുമെന്നും അദ്ദേഹം ഒരു മികച്ച പ്രധാനമന്ത്രിയാണെന്നും ട്രംപ് പറഞ്ഞിരുന്നു.
ഇന്ത്യയും അമേരിക്കയും തമ്മില്‍ ഒരു പ്രത്യേക ബന്ധമുണ്ട്. ആശങ്കപ്പെടാന്‍ ഒന്നുമില്ല. നമുക്കിടയില്‍ ഇടയ്ക്ക് ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകുന്നുവെന്ന് മാത്രമേയുള്ളൂവെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി ഇതിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.