ഇൻസ്റ്റഗ്രാമിലൂടെ പരിചയം; 17കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി
Thursday, September 18, 2025 9:06 PM IST
ഗുരുഗ്രാം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഗുരുഗ്രാമിലാണ് സംഭവം.
11-ാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തിന് ശേഷം പ്രതികൾ പെൺകുട്ടിയെ വീടിന് സമീപത്ത് കാറിൽ നിന്നും തള്ളിയിട്ടതിന് ശേഷം രക്ഷപെട്ടു.
പെൺകുട്ടി ട്യൂഷൻ സെന്ററിലേക്ക് പോകുന്നതിനിടെയാണ് സംഭവം നടന്നത്. ചൊവ്വാഴ്ച വൈകുന്നേരം 4:30 ന് ട്യൂഷൻ ക്ലാസിലേക്ക് പോയ പെൺകുട്ടി 6:30 ആയിട്ടും തിരിച്ചെത്തിയില്ല. തുടർന്ന് പിതാവ് ട്യൂഷൻ സെന്ററിലെത്തി അന്വേഷിച്ചപ്പോൾ മകൾ അവിടെ എത്തിയില്ലെന്ന് അറിഞ്ഞു. രാത്രി എട്ടോടെ വീട്ടിലെത്തിയ കുട്ടി ഭയന്ന് കരയുകയായിരുന്നുവെന്ന് പിതാവ് പരാതിയിൽ പറയുന്നു.
പ്രതികളിലൊരാളെ പെൺകുട്ടിക്ക് പരിചയമുണ്ടായിരുന്നു. മൂന്ന് മാസം മുൻപ് ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇയാളെ പരിചയപ്പെട്ടത്.
ട്യൂഷൻ സെന്ററിലേക്ക് പോകുന്നതിനിടെ കറുത്ത കാറിലെത്തിയ അങ്കിത്, ലക്ഷ്യ എന്നിവർ തന്നെ അവിടെ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കാറിൽ കയറ്റിയെന്ന് പെൺകുട്ടി പറയുന്നു. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച പ്രതികൾ തന്നെ പീഡിപ്പിച്ചുവെന്ന് പെൺകുട്ടി മൊഴി നൽകി.
പരാതിയെത്തുടർന്ന്, പ്രതികൾക്കെതിരെ ശിവാജി നഗർ പോലീസ് നിരധി വകുപ്പുകൾ പ്രകാരം കേസെടുത്തു. പ്രതികൾ വിദ്യാർഥികളാണെന്ന് പറയപ്പെടുന്നുവെന്നും അന്വേഷണം ആരംഭിച്ചുവെന്നും പോലീസ് അറിയിച്ചു.