മണം പിടിക്കാന്‍ മിടുമിടുക്കര്‍..! ജാക്ക് റസല്‍ ടെറിയര്‍ നായ്ക്കള്‍ കേരള പോലീസിലേക്ക്
മണം പിടിക്കാന്‍ മിടുമിടുക്കര്‍..! ജാക്ക് റസല്‍ ടെറിയര്‍ നായ്ക്കള്‍ കേരള പോലീസിലേക്ക്
Wednesday, November 30, 2022 3:45 PM IST
സ്വന്തം ലേഖകൻ
കോഴിക്കോട്: കേസന്വേഷണത്തില്‍ പോലീസിന് കൂട്ടാളികളാണ് എന്നും നായ്ക്കൾ. കേരള പോലീസിനും അന്വേഷണത്തില്‍ സഹായികളായി മിടുക്ക് തെളിയിച്ച നിരവധി നായകളുണ്ട്. ‘ജാക്ക് റസല്‍ ടെറിയര്‍ ’ എന്ന നായ്ക്കളിലെ ഇത്തിരി കുഞ്ഞന്മാര്‍ ഇനി കേരള പോലീസിന്‍റെ കെ 9- സ്ക്വാഡിന്‍റെ ഭാഗമാകും. കേരള പോലീസ് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇത്തിരിക്കുഞ്ഞന്മാരെ സ്ക്വാഡിലേക്ക് തെരഞ്ഞെടുത്ത വിവരം അറിയിച്ചത്.

‘പാട്രണ്‍’ എന്ന ജാക്ക് റസല്‍ ടെറിയര്‍ ഇനത്തില്‍പ്പെട്ട നായ ഈയടുത്തകാലത്ത് ലോകശ്രദ്ധ നേടിയിരുന്നു. യുക്രെയ്നില്‍ ആക്രമണം തുടങ്ങിയ ശേഷം റഷ്യ നിക്ഷേപിച്ച 200 ലധികം സ്ഫോടകവസ്തുക്കള്‍ ‘പാട്രണ്‍ ’ കണ്ടെത്തുകയും യുക്രെയ്ന്‍ സേനയ്ക്ക് അവയെ നിര്‍വീര്യമാക്കി നിരവധിപേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുകയും ചെയ്തു.

ജാക്ക് റസല്‍ ടെറിയര്‍ നായ്ക്കള്‍ക്ക് ഗന്ധം തിരിച്ചറിയുന്നതിനുള്ള പ്രത്യേക കഴിവുള്ളതിനാല്‍ ഇവയെ മികച്ച എക്സ്പ്ലോസീവ് സ്നിഫര്‍ നായ്ക്കളായി ഉപയോഗിക്കുന്നു. നിര്‍ഭയരും ഊര്‍ജസ്വലരുമാണിവർ. ശാരീരികമായി വലിപ്പം കുറവായതിനാല്‍ ഇടുങ്ങിയ ഇടങ്ങളില്‍ പ്രവേശിക്കാനും സ്ഫോടക വസ്തുക്കൾ, നിരോധിത ലഹരിവസ്തുക്കള്‍ തുടങ്ങിയവ കണ്ടെത്താനും ഇവയ്ക്ക് എളുപ്പം കഴിയുന്നു.


നാല് ‘ജാക്ക് റസല്‍ ടെറിയര്‍ ’ നായകള്‍ കേരള പോലീസിന്‍റെ കെ 9- സ്ക്വാഡില്‍ ചേരുകയാണ്. ഈ ഇനം നായകളുടെ ആയുസ് 13 മുതല്‍ 16 വര്‍ഷം വരെ ആണെങ്കിലും കെ 9- സ്ക്വാഡില്‍ ഇവയെ 12 വര്‍ഷം വരെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയും. മൂന്ന് ജര്‍മന്‍ ഷെപ്പേഡ് നായ്ക്കളെ ഉള്‍പ്പെടുത്തി 1959-ലാണ് തിരുവനന്തപുരത്ത് ആദ്യമായി കേരള പോലീസ് ഡോഗ് സ്ക്വാഡ് ആരംഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<