ഇടുക്കിയിലെ കര്‍ഷകരെ കേന്ദ്രസര്‍ക്കാര്‍ വഞ്ചിച്ചു, രൂക്ഷ വിമര്‍ശനവുമായി ജോയ്‌സ് ജോര്‍ജ്
Saturday, March 23, 2019 4:05 PM IST
തൊടുപുഴ, ഇടുക്കി: ഇടുക്കിയിലെ കാര്‍ഷിക മേഖലയെ തകര്‍ത്തതു കേന്ദ്രസര്‍ക്കാരിന്‍റെ നയങ്ങളാണെന്നു ഇടുക്കി ലോക്‌സഭ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജ്.ആസിയാന്‍ കരാര്‍, ശ്രീലങ്കയുമായുള്ള ഫ്രീ-ട്രേഡ് കരാര്‍ പോലുള്ള കേന്ദ്രസര്‍ക്കാരിന്‍റെ പല നയങ്ങളും കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള ഈ വികാരം തനിക്ക് ഗുണം ചെയ്യും.

അഭിപ്രായ സര്‍വേകളെക്കുറിച്ചുള്ള ചോദ്യത്തിന് അഭിപ്രായ സര്‍വേകളുടെ പിന്നിലെ രാഷ്ട്രീയം ജനങ്ങള്‍ക്കറിയാമെന്ന് അദ്ദേഹം ദീപികയോടു പറഞ്ഞു. ഇടുക്കിയില്‍ തോല്‍ക്കുമെന്ന ഭീതി തെല്ലുമില്ല. 2014ലും യുഡിഎഫിന് അനുകൂലമായിരുന്ന സര്‍വേ ഫലങ്ങള്‍. എന്നാല്‍ താന്‍ വിജയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ അഞ്ചു വര്‍ഷമായി താന്‍ ചെയ്തുപോരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ജനം കണ്ടുകൊണ്ടാണിരിക്കുന്നത്. അതിനാല്‍ അവര്‍ തനിക്കു വോട്ടു ചെയ്യുമെന്നാണ് പ്രതീക്ഷ.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടു താന്‍ നടത്തിയ പ്രവര്‍ത്തനങ്ങളും സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് ഭൂമിയുടെ പട്ടയവുമായി ബന്ധപ്പെട്ടു പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനായതും തന്‍റെ നേട്ടങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കര്‍ഷകരുടെ ഉന്നമനവും നാടിന്‍റെ വികസനവും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാകും താന്‍ മുന്‍തൂക്കം നല്‍കുകയെന്നും ജോയ്‌സ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.