എൽഡിഎഫിലേക്ക് വരുന്നുണ്ടോ? മാണി പറയട്ടെയെന്ന് സിപിഎം
Friday, February 23, 2018 3:48 PM IST
തൃശൂർ: കെ.എം.മാണിയുടെ ഭാവി പരിപാടികൾ അദ്ദേഹം തന്നെ വ്യക്തമാക്കട്ടെ എന്ന നിലപാട് പ്രഖ്യാപിച്ച് സിപിഎം. സംസ്ഥാന സമ്മേളന വേദിയിൽ എ.വിജയരാഘവൻ, എളമരം കരീം എന്നിവർ നടത്തിയ വാർത്താ സമ്മേളനത്തിലാണ് സിപിഎം നിലപാട് വ്യക്തമാക്കിയത്.

യുഡിഎഫ് വിട്ട മാണി ഭാവി പരിപാടികൾ എന്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മാണി നിലപാട് പ്രഖ്യാപിക്കുന്പോൾ സിപിഎം തീരുമാനം പറയും. കേരള കോണ്‍ഗ്രസ്-എമ്മിനെ എൽഡിഎഫിൽ ഉൾപ്പെടുത്തണമോ എന്ന കാര്യം മുന്നണി ചർച്ച ചെയ്ത് തീരുമാനിക്കും.

മാണിയുടെ അഭിപ്രായം അറിയാതെ വിഷയത്തിൽ സിപിഎം എന്ത് തീരുമാനമെടുക്കാനാണെന്നും സാങ്കൽപ്പിക ചോദ്യങ്ങൾക്ക് മറുപടി പറയാൻ ഇല്ലെന്നും നേതാക്കൾ പറഞ്ഞു.

കേരള കോണ്‍ഗ്രസ്-എം, സോഷ്യലിസ്റ്റ് ജനത എന്നീ പാർട്ടികൾ പോയതോടെ യുഡിഎഫ് ദുർബലാവസ്ഥയിലാണ്. കൂടുതൽ പാർട്ടികൾ യുഡിഎഫ് വിട്ട് പുറത്തേക്ക് വരാൻ സാധ്യതയുണ്ട്. ഐക്യജനാധിപത്യ മുന്നണിയെ ദുർബലപ്പെടുത്താനുള്ള അവസരം എൽഡിഎഫ് ഉപയോഗിക്കുമെന്നും അതിനെന്താണ് തെറ്റെന്നും എളമരം കരീം ചോദിച്ചു.

വിഷയത്തിൽ സിപിഐ ഉന്നയിക്കുന്ന എതിർപ്പിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും ഇരു നേതാക്കളും ഒഴിഞ്ഞുമാറി. സിപിഐ മറ്റൊരു പാർട്ടിയാണെന്നും അവരുടെ അഭിപ്രായങ്ങളിൽ ഇടപെടാൻ ഇല്ലെന്നുമാണ് നേതാക്കൾ വിശദീകരിച്ചത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.