കാഷ്മീരിൽ ഭീകരന്റെ വെടിയേറ്റ് ഒരാൾ മരിച്ചു
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ബുദ്ഗാമിൽ ഭീകരന്റെ വെടിയേറ്റ് ഒരാൾ മരിച്ചു. സെൻട്രൽ കാഷ്മീരിലെ ബുചിപോറയിൽ നസീർ ഖാനാണ് വെടിയേറ്റത്. ഇന്നലെ വീടിനു സമീപം നിൽക്കുമ്പോഴായിരുന്നു വെടിയേറ്റത്.
മഹാരാഷ്ട്രയിൽ ആശങ്ക; 63,294 കോവിഡ് രോഗികൾ കൂടി
മുംബൈ: ആശങ്ക ഉയര്ത്തി മഹാരാഷ്ട്രയിലെ കോവിഡ് വ്യാപനം വര്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 63,294 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. 349 പേര് മരിച്ചു. നിലവിൽ 34,07,245 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ചത്.
24 മണിക്കൂറിനിടെ 34,008 പേര് രോഗമുക്തരായി. ഇതോടെ 27,82,161 പേരാണ് ഇതുവരെ കോവിഡ് മുക്തരായത്. സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി 5,65,587 പേര് ചികിത്സയില് കഴിയുന്നുണ്ട്. സംസ്ഥാനത്തെ ആകെ കോവിഡ് മരണസംഖ്യ 57,987 ആയി ഉയര്ന്നു.
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര.
റാണയുടെ കരുത്തിൽ കോൽക്കത്തയ്ക്ക് പത്ത് റണ്സ് ജയം
ചെന്നൈ: ഐപിഎല്ലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് വിജയതുടക്കം. സണ്റൈസേഴ്സ് ഹൈദരാബാദിനെതിരെ പത്ത് റണ്സിനായിരുന്നു കോൽക്കത്തയുടെ ജയം.
കോൽക്കത്ത ഉയർത്തിയ 188 റണ്സ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 177 റണ്സ് എടുക്കാനെ സാധിച്ചുള്ളു. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഹൈദരാബാദിന് തുടക്കം തന്നെ പിഴച്ചു. കോൽക്കത്ത 53 റണ്സിലെത്തിയശേഷം മാത്രാണ് അവരുടെ ഓപ്പണിംഗ് കൂട്ടുകെട്ട് തകർക്കാൻ ഹൈദരാബാദിനായത്.
56 പന്തിൽ നാല് സിക്സും ഒന്പത് ഫോറും അടക്കം 80 റണ്സ് നേടിയ നിതീഷ് റാണയും 29 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സും അടക്കം 53 റണ്സ് സ്വന്തമാക്കി രാഹുൽ ത്രിപാഠിയും ചേർന്നപ്പോളാണ് കോൽക്കത്ത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 187 റണ്സ് സ്വന്തമാക്കിയത്.
കെകെആറിനായി ഓപ്പണർമാരായ റാണയും ശുഭ്മാൻ ഗില്ലും (13 പന്തിൽ 15) ഏഴ് ഓവറിൽ 53 റണ്സ് നേടിയശേഷമാണ് പിരിഞ്ഞത്. രണ്ടാം വിക്കറ്റിൽ റാണ-ത്രിപാഠി കൂട്ടുകെട്ട് 50 പന്തിൽ 93 റണ്സ് അടിച്ചുകൂട്ടി. ആന്ദ്രേ റസൽ (5), ഓയിൻ മോർഗൻ (2) എന്നിവർ നിരാശപ്പെടുത്തി. റാഷിദ് ഖാൻ, മുഹമ്മദ് നബി എന്നിവർക്കായിരുന്നു വിക്കറ്റ്. ഒന്പത് പന്തിൽ 22 റണ്സുമായി പുറത്താകാതെനിന്ന ദിനേശ് കാർത്തിക് ആണ് സ്കോർ 187ൽ എത്തിച്ചത്.
മറുപടിക്കിറങ്ങിയ സണ്റൈസേഴ്സ് ഹൈദരാബാദിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. രണ്ടാം ഓവറിൽ പ്രസിദ്ധ് കൃഷ്ണയ്ക്കു മുന്നിൽ വാർണർ (3) കീഴടങ്ങി. മൂന്നാം ഓവറിന്റെ ആദ്യ പന്തിൽ ഷക്കീബ് അൽ ഹസനു വിക്കറ്റ് സമ്മാനിച്ച് വൃദ്ധിമാൻ സാഹയും (7) പവലിയൻ കയറി.
പിന്നീട് മനേഷ് പാണ്ഡെ, ജോണി ബെയർസ്റ്റോ കൂട്ട്കെട്ടാണ് ഹൈദരാബാദിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഇരുവരും ചേർന്ന് 92 റണ്സാണ് അടിച്ചു കൂട്ടിയത്. 40 പന്തിൽ 55 റണ്സെടുത്ത ബെയർസ്റ്റോയെ കമിൻസ് പുറത്താക്കിയത് ഹൈദരാബാദിന് തിരിച്ചടിയായി.
മുഹമ്മദ് നബി 14 റണ്സും വിജയ് ശങ്കർ 11 റണ്സുമെടുത്ത് പുറത്തായി. അവസാന ഓവറുകളിൽ മനേഷ് പാണ്ഡെയും അബ്ദുൾ സമദും തകർത്ത് അടിച്ചെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ ഇരുവർക്കും ആയില്ല. 44 പന്തിൽ 61 റണ്സെടുത്ത് മനേഷ് പാണ്ഡെയും എട്ട് പന്തിൽ 19 റൺസ് നേടി അബ്ദുൾ സമദും പുറത്താകാതെ നിന്നു.
സിബിഎസ്ഇ ബോർഡ് പരീക്ഷകൾ മാറ്റി വയ്ക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകൾ മാറ്റി വയ്ക്കണമെന്ന് കോണ്ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. 10,12 ക്ലാസുകളിലെ പരീക്ഷ നടത്തുന്നതിനെ കുറിച്ച് പുനർവിചിന്തനം നടത്തണമെന്നും അവർ കേന്ദ്രവിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാലിനോട് ആവശ്യപ്പെട്ടു. രാജ്യത്ത് ഇന്ന് ഒന്നര ലക്ഷത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പ്രിയങ്ക ഇക്കാര്യം ആവശ്യപ്പെട്ടത്.
ഭർത്താവ് റോബർട്ട് വദ്രയ്ക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് ഡൽഹിയിലെ വീട്ടിൽ ക്വാറന്ൈറനിലാണ് പ്രിയങ്ക. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നത് പ്രായോഗികമായി സാധ്യമല്ല. കുട്ടികൾ മാത്രമല്ല, അവരുടെ അധ്യാപകരും ഇൻവിജിലേറ്റേഴ്സും കുടുംബാംഗങ്ങളും അപകടത്തിലാകുമെന്നും രമേഷ് പൊഖ്രിയാലിന് അയച്ച കത്തിൽ പ്രിയങ്ക സൂചിപ്പിച്ചു.
നോയിഡയിൽ വൻ തീപിടിത്തം; രണ്ടു കുട്ടികൾ മരിച്ചു
നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിലുണ്ടായ തീപിടിത്തത്തിൽ രണ്ട് കുട്ടികൾ മരിച്ചു. തീപിടിത്തത്തിൽ 150 കുടിലുകൾ കത്തിനശിച്ചു. ഞായറാഴ്ച ഉച്ചയോടെ നോയിഡയിലെ ബെഹലോപുർ ഗ്രാമത്തിലാണ് തീപിടിത്തമുണ്ടായത്.
അഗ്നിശമനസേന സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 150ഓളം കുടിലുകൾ കത്തിയമർന്നുവെന്നും രണ്ടു കുഞ്ഞുങ്ങളുടെ മൃതദേഹം കണ്ടെടുത്തുവെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഹരീഷ് ചന്ദർ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും സംഭവം അന്വേഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒറ്റപ്പാലത്ത് വോട്ടര് ഐഡി കാര്ഡുകള് ഉപേക്ഷിച്ച നിലയില്
പാലക്കാട്: ഒറ്റപ്പാലം സബ് രജിസ്ട്രാർ ഓഫീസിന്റെ എതിർവശത്ത് വോട്ടർ ഐഡി കാർഡുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കടപ്പഴിപ്പുറം ഗ്രാമപഞ്ചായത്തിലെ അഴിയന്നൂർ പ്രദേശത്തുള്ളവരുടെ കാർഡുകളാണ് കണ്ടെത്തിയവയിൽ ഭൂരിഭാഗവും.
പുതിയ വോട്ടർമാരുടേതും പുതുക്കിയതുമായ കാർഡുകൾ ഉൾപ്പടെ അമ്പതോളം കാർഡുകളാണ് കണ്ടെത്തിയിരിക്കുന്നത്. പ്ലാസ്റ്റിക് കവറിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഇവ കണ്ടെത്തിയത്.
ബന്ധുനിയമനം; ജലീലിനൊപ്പം മുഖ്യമന്ത്രിയും രാജിവയ്ക്കണമെന്ന് കെ. സുരേന്ദ്രന്
തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിന്റെ ബന്ധുവിനായി ന്യൂനപക്ഷ കോർപ്പറേഷൻ ജനറൽ മാനേജർ യോഗ്യതയിൽ മാറ്റം വരുത്തി നിയമനം നൽകിയത് മുഖ്യമന്ത്രിയുടെ അറിവോടെയായതിനാൽ മന്ത്രിക്കൊപ്പം മുഖ്യമന്ത്രിയും രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
ബന്ധുനിയമനത്തിൽ ജലീൽ കുറ്റക്കാരനാണെന്നും അദ്ദേഹത്തെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നും ലോകായുക്ത വിധിച്ചത് യോഗ്യതയിൽ മാറ്റം വരുത്തിയത് കൊണ്ടാണ്. മുഖ്യമന്ത്രിക്കും ജലീലിനും ഈക്കാര്യത്തിൽ തുല്ല്യ പങ്കാണുള്ളതെന്നും സുരേന്ദ്രന് പ്രസ്താവനയിൽ പറഞ്ഞു.
സത്യപ്രതിജ്ഞാ ലംഘനമാണ് ഇരുവരും നടത്തിയത്. വിധിയെ തള്ളിക്കളയുകയും മന്ത്രി ജലീലിനെ സംരക്ഷിക്കുകയും ചെയ്യുന്ന സിപിഎം നേതൃത്വത്തിനും ഇതിൽ പങ്കുണ്ട്. മുഖ്യമന്ത്രി എല്ലാ ഇടപാടുകളും ജലീൽ മുഖേനയാണ് നടത്തുന്നത്. വിദേശ കോൺസുലേറ്റുമായി വഴിവിട്ട ബന്ധം, മാർക്ക് ദാനം, മലയാളം സർവകലാശാല ഭൂമി വിവാദം തുടങ്ങിയ നിരവധി വിവാദങ്ങൾ ഉണ്ടായിട്ടും ജലീലിനെ മുഖ്യമന്ത്രി സംരക്ഷിച്ചത് ഇതൊക്കെ കൊണ്ടാണെന്നും സുരേന്ദ്രൻ പറഞ്ഞു.
റെംഡെസിവിർ കയറ്റുമതി നിരോധിച്ച് ഇന്ത്യ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നതിന്റെ പശ്ചാത്തലത്തിൽ ആന്റി വൈറൽ മരുന്നായ റെംഡെസിവിറിന്റെ കയറ്റുമതി നിരോധിച്ച് ഇന്ത്യ. രാജ്യത്ത് കോവിഡ് നിയന്ത്രണവിധേയമാകുന്നത് വരെ റെംഡെവിർ ഇൻജക്ഷൻ, റെംഡെസിവിർ മരുന്നിന്റെ ഘടകങ്ങൾ എന്നിവയുടെ കയറ്റുമതി നിരോധിച്ചതായി അറിയിച്ചുകൊണ്ട് കേന്ദ്രം ഉത്തരവിറക്കി.
ഇന്ത്യയിൽ ഏപ്രിൽ 11 വരെ 11.08 ലക്ഷം സജീവ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത് കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന റെംഡെസിവിർ കുത്തിവയ്പ്പിനുള്ള ആവശ്യം വർധിപ്പിച്ചു. കേസുകൾ ഉയരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ഈ മരുന്നിന്റെ ആവശ്യം ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
യുഎസിലെ ഗിലീഡ് സയൻസുമായുള്ള കരാർ പ്രകാരം ഏഴ് ഇന്ത്യൻ കന്പനികളാണ് റെംഡെിവിർ നിർമിക്കുന്നത്.
കരിപ്പൂർ-ദുബായ് വിമാനം റദ്ദാക്കി; വിമാനത്താവളത്തില് യാത്രക്കാരുടെ പ്രതിഷേധം
കരിപ്പൂര്: കരിപ്പൂർ- ദുബായ് സ്പൈസ് ജെറ്റ് വിമാനം റദ്ദാക്കിയതിനെ തുടര്ന്ന് കരിപ്പൂര് വിമാനത്താവളത്തില് യാത്രക്കാരുടെ പ്രതിഷേധം. ശനിയാഴ്ച രാത്രി 7.50 ന് പുറപ്പെടേണ്ട വിമാനം പലതവണ റീഷെഡ്യൂള് ചെയ്തശേഷമാണ് ഞായറാഴ്ച വൈകീട്ടോടെ റദ്ദാക്കിയത്.
വിമാനത്തിന്റെ സമയം പലതവണ പുനഃക്രമീകരിച്ചതിനെ തുടര്ന്ന് 200 ലേറെ യാത്രക്കാര്ക്ക് രാത്രിയും പകലും വിമാനത്താവളത്തില് കാത്തുനില്ക്കേണ്ടിവന്നു. സാങ്കേതിക തകരാര് മൂലമാണ് വിമാനം റദ്ദാക്കേണ്ടി വന്നതെന്നാണ് വിശദീകരണം.
അനിശ്ചിതത്വം തുടര്ന്നതോടെയാണ് യാത്രക്കാര് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഞായറാഴ്ച രാത്രി പത്തിനകം യാത്രതിരിക്കാന് കഴിഞ്ഞില്ലെങ്കില് വീണ്ടും കോവിഡ് ടെസ്റ്റ് നടത്തേണ്ടിവരുമെന്ന സാഹചര്യവും നിലനിൽക്കുന്നുണ്ട്.
അഞ്ച് കോവിഡ് വാക്സിനുകൾക്ക് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ഉടൻ ലഭിച്ചേക്കും
ന്യൂഡല്ഹി: സംസ്ഥാനങ്ങളില് കോവിഡ് വാക്സിന് കുറവ് റിപ്പോര്ട്ട് ചെയ്ത സാഹചര്യത്തില് വാക്സിന് ക്ഷാമം പരിഹരിക്കാന് നടപടികളുമായി കേന്ദ്രസര്ക്കാര്. ഇതിന്റെ ഭാഗമായി ഈ വര്ഷം തന്നെ അഞ്ച് വാക്സിനുകള്ക്ക് അനുമതി നൽകിയേക്കുമെന്ന് റിപ്പോർട്ട്.
ഈ വര്ഷം മൂന്നാം പാദത്തോടെ അഞ്ച് വാക്സിനുകള് കൂടി പ്രതീക്ഷിക്കാമെന്നാണ് സര്ക്കാര് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്ട്ടുകള്. സ്പുട്നിക് വി, ജോണ്സണ് ആന്ഡ് ജോണ്സണ്, നൊവാക്സ്, സിഡസ് കാഡില, ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നല്കുന്ന വാക്സിന് എന്നിവയാണവ.
വാക്സിനുകള്ക്ക് അടിയന്തര ഉപയോഗ അംഗീകാരം നല്കുമ്പോള് സുരക്ഷയും ഫലപ്രാപ്തിയുമാണ് കേന്ദ്ര സര്ക്കാരിന്റെ പ്രാഥമിക പരിഗണനയെന്നും സര്ക്കാര് വൃത്തങ്ങള് വ്യക്തമാക്കി.
കോൽക്കത്തയ്ക്ക് ബാറ്റിംഗ്
ചെന്നൈ: ഐപിഎല്ലിൽ 14-ാം സീസണിലെ മൂന്നാം മത്സരത്തിൽ ടോസ് നേടിയ സണ്റൈസേഴ്സ് ബൈദരാബാദ് കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ബാറ്റിംഗിനയച്ചു. ഇന്ന് കോൽക്കത്ത നിരയിൽ ഹർഭജൻ സിംഗ് അരങ്ങേറ്റം കുറിയ്ക്കുന്നതാണ് പ്രത്യേകത.
ടീം കോൽക്കത്ത നൈറ്റ് റൈഡേഴ്സ്: സുഹ്മാൻ ഗിൽ, രാഹുൽ ത്രിപാതി, നിതീഷ് റാണ, ഇയോണ് മോർഗൻ, ദിനേഷ് കാർത്തിക്, ആന്ദ്ര റസൽ, ഷക്കീബ് അൽ ഹസൻ, പറ്റ് കമിൻസ്, ഹർഭജൻ സിംഗ്, പ്രസിദ് കൃഷ്ണ, വരുണ് ചക്രവർത്തി
ടീം ഹൈദരാബാദ്: ഡേവിഡ് വാർണർ, ജോണി ബെയർസ്റ്റോ, വൃദ്ധിമാൻ സാഹ, മനീഷ് പാണ്ഡെ, വിജയ് ശങ്കർ, അബ്ദുൽ സമദ്, മുഹമ്മദ് നബി, റാഷിദ് ഖാൻ, ഭൂവനേശ്വർ കുമാർ, ടി. നടരാജ്, സന്ദീപ് ശർമ.
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്നും വീണ്ടും സ്വർണം പിടികൂടി. ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശിയായ യാത്രക്കാരനിൽ നിന്നാണ് 1514 ഗ്രാം സ്വർണം പിടികൂടിയത്.
സംഭവത്തിൽ കോഴിക്കോട് ഒഞ്ചിയം സ്വദേശി കുഞ്ഞബ്ദുള്ളയെ കസ്റ്റഡിയിൽ എടുത്തു. എമർജൻസി ലാമ്പിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.
കോണ്ഗ്രസ്-ബിജെപി വോട്ടുകച്ചവടം ആരോപിച്ച് കോടിയേരി
തിരുവനന്തപുരം: കോണ്ഗ്രസ്-ബിജെപി വോട്ടുകച്ചവടം ആരോപിച്ച് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ. വട്ടിയൂര്ക്കാവില് കോണ്ഗ്രസ് വോട്ടുകള് ബിജെപിക്ക് പോയെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവന ഇതിന്റെ സൂചനയാണ്. മറ്റ് മണ്ഡലങ്ങളിലും ഇത്തരം നീക്കം നടന്നിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. ഇത് മുല്ലപ്പള്ളിയുടെ മുന്കൂര് ജാമ്യമാണെന്നും കോടിയേരി പരിഹസിച്ചു.
തുടർഭരണം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. ജലീലിനെതിരെയായ ലോകായുക്ത വിധിയിൽ നിയമപരമായി തുടർനടപടി അദ്ദേഹത്തിന് സ്വീകരിക്കാം. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് തീരുമാനം എടുക്കാൻ ഇനിയും സമയം ഉണ്ടെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
സംസ്ഥാനത്ത് 27 ആരോഗ്യപ്രവർത്തകർക്ക് കൂടി കോവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് 27 ആരോഗ്യ പ്രവർത്തകർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര് 6, എറണാകുളം 5, തൃശൂര് 4, കോഴിക്കോട് 3, തിരുവനന്തപുരം, ഇടുക്കി, കാസര്ഗോഡ് 2 വീതം, കൊല്ലം, പത്തനംതിട്ട, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്.
ആരോഗ്യപ്രവർത്തകർക്ക് ഉൾപ്പെടെ സംസ്ഥാനത്ത് ഇന്ന് 6,986 പേര്ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 197 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6,258 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 504 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2,358 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 44,389 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,17,700 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.
സംസ്ഥാനത്ത് ഇന്ന് 6,986 പേര്ക്ക് കോവിഡ്; കോഴിക്കോട്ട് ആയിരത്തിലധികം രോഗികൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6,986 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 197 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6,258 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 504 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2,358 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 44,389 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,17,700 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.
യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല് എന്നീ രാജ്യങ്ങളില് നിന്നും വന്ന ആര്ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (103), ദക്ഷിണാഫ്രിക്ക (7), ബ്രസീല് (1) എന്നീ രാജ്യങ്ങളില് നിന്നും വന്ന 111 പേര്ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില് 107 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 65,003 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.75 ആണ്. റുട്ടീന് സാമ്പിള്, സെന്റിനല് സാമ്പിള്, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്.എ.എം.പി., ആന്റിജന് പരിശോധന എന്നിവ ഉള്പ്പെടെ ഇതുവരെ ആകെ 1,37,68,841 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4,783 ആയി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,70,810 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 1,64,325 പേര് വീട്/ഇന്സ്റ്റിറ്റ്യൂഷണല് ക്വാറന്റൈനിലും 6,485 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1,133 പേരെയാണ് ഇന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചത്.
ഇന്ന് ഒൻപത് പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില് നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില് ആകെ 391 ഹോട്ട് സ്പോട്ടുകളാണുള്ളത്.
പോസിറ്റീവ് കേസുകൾ ജില്ല തിരിച്ച്:- കോഴിക്കോട് 1271, എറണാകുളം 842, മലപ്പുറം 728, കോട്ടയം 666, കണ്ണൂര് 575, തിരുവനന്തപുരം 525, തൃശൂര് 423, ആലപ്പുഴ 339, പാലക്കാട് 325, കൊല്ലം 304, ഇടുക്കി 291, കാസര്ഗോഡ് 251, പത്തനംതിട്ട 246, വയനാട് 200.
സന്പർക്ക കേസുകൾ ജില്ല തിരിച്ച്:- കോഴിക്കോട് 1243, എറണാകുളം 809, മലപ്പുറം 695, കോട്ടയം 601, കണ്ണൂര് 470, തിരുവനന്തപുരം 381, തൃശൂര് 395, ആലപ്പുഴ 338, പാലക്കാട് 135, കൊല്ലം 298, ഇടുക്കി 276, കാസര്ഗോഡ് 228, പത്തനംതിട്ട 205, വയനാട് 184.
നെഗറ്റീവ് കേസുകൾ ജില്ല തിരിച്ച്:- തിരുവനന്തപുരം 130, കൊല്ലം 208, പത്തനംതിട്ട 64, ആലപ്പുഴ 190, കോട്ടയം 176, ഇടുക്കി 77, എറണാകുളം 120, തൃശൂര് 205, പാലക്കാട് 185, മലപ്പുറം 265, കോഴിക്കോട് 407, വയനാട് 34, കണ്ണൂര് 216, കാസര്ഗോഡ് 81.
കക്ഷി വ്യത്യാസമില്ലാതെ പരസ്പരം ബന്ധപ്പെടുന്ന പൊളിറ്റിക്കൽ ക്രിമിനൽസ് ഉണ്ടെന്ന് ജി. സുധാകരൻ
ആലപ്പുഴ: കക്ഷി വ്യത്യാസമില്ലാതെ രാത്രി പരസ്പരം ബന്ധപ്പെടുന്ന പൊളിറ്റിക്കൽ ക്രിമിനൽസ് ഉണ്ടെന്ന് മന്ത്രി ജി. സുധാകരൻ. അതൊന്നും തങ്ങളുടെ പാർട്ടിയിൽ നടക്കില്ല. അവരുടെ പേര് ഒന്നും പറയുന്നില്ല, എല്ലാവർക്കും അറിയാം. എല്ലാം കഴിഞ്ഞ് വോട്ടു പെട്ടിയിൽ കയറിയ ശേഷം പറയുന്നു താൻ പ്രവർത്തിച്ചില്ലെന്ന്. എന്തൊരു രീതിയാണ് ഇതെന്നും സുധാകരൻ ചോദിച്ചു.
തെരഞ്ഞെടുപ്പിന് പിന്നാലെ ചില മാധ്യമങ്ങൾ തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. താൻ പ്രവർത്തിച്ചിട്ടില്ലെന്ന് പറയുന്നത് പൊളിറ്റിക്കൽ ക്രിമിനലിസമാണ്. രാഷ്ട്രീയ ക്രിമിനൽ സ്വഭാവത്തിലാണ് വാർത്തകൾ വരുന്നത്. ചില ആളുകൾ പെയ്ഡ് റിപ്പോർട്ടർമാരെ പോലെ പെരുമാറുകയാണ്. തെരഞ്ഞെടുപ്പിനുശേഷം പാർട്ടിയിൽ ഒരു പ്രശ്നങ്ങളുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ചിലർ രാഷ്ട്രീയത്തിൽ ഉണ്ടാകാൻ പാടില്ലെന്ന് ചിലർ ഹോട്ടലിലിരുന്ന് മദ്യപിച്ച് തീരുമാനിക്കുന്നു. അതൊന്നും തന്റെയടുത്ത് വേണ്ട. താൻ തിരിച്ചടിച്ചാൽ വലിയ പ്രശ്നമാകും. അരൂരിലെ തോൽവിക്ക് പിന്നിൽ മറ്റുശക്തികളുണ്ട്. അരൂരിൽ ജയിക്കുമായിരുന്നു. 55 വർഷമായി താൻ പൊതുരംഗത്തുണ്ട്. രക്തരാക്ഷി കുടുംബത്തിൽനിന്ന് വളർന്നുവന്നയാളാണ് താൻ. എല്ലാവർക്കും കൊട്ടേണ്ട ചെണ്ടയാണോ താൻ എന്നും സുധാകരൻ ചോദിച്ചു.
തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് കോൺഗ്രസ് സ്ഥാനാർഥി മരിച്ചു
ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് കോൺഗ്രസ് സ്ഥാനാർഥി മരിച്ചു. ശ്രീവില്ലിപുത്തൂർ മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്ന മാധവ റാവുവാണ് മരിച്ചത്. ഞായറാഴ്ച രാവിലെ മധുരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കഴിഞ്ഞ മാസമാണ് മാധവ റാവുവിന് കോവിഡ് ബാധിച്ചത്. തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതോടെ മാർച്ച് 20ന് അദ്ദേഹത്തെ ആശുപത്രിയിലേയ്ക്ക് മാറ്റി.
കോവിഡ് ബാധിക്കുന്നതിന് മുൻപ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്നു മാധവ റാവു.
അദീബിന്റെ നിയമനം; ഇളവ് നൽകിയ ഫയലിൽ മുഖ്യമന്ത്രി ഒപ്പിട്ടു
തിരുവനന്തപുരം: ന്യൂനപക്ഷ കോർപറേഷൻ നിയമന ഇളവ് ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയനും ഒപ്പിട്ടു. 2016 ഓഗസ്റ്റ് ഒൻപതിനാണ് മുഖ്യമന്ത്രി ഫയൽ കണ്ടത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കെ.ടി. അദീപിന്റെ നിയമനം.
നിയമന യോഗ്യതയിൽ മാറ്റം നിർദേശിക്കുന്ന മന്ത്രി കെ.ടി. ജലീലിന്റെ കത്ത് നേരത്തേ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയും ഫയലിൽ ഒപ്പിട്ടുവെന്ന് വിവരം പുറത്തുവരുന്നത്.
ഈ കത്തു കൂടി പരിഗണിച്ചാണ് ലോകായുക്ത ജലീലിനെതിരെ ഉത്തരവിട്ടത്. സംസ്ഥാന ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജരായി മന്ത്രി കെ.ടി. ജലീൽ ബന്ധു കെ.ടി. അദീബിനെ നിയമിച്ചത് നിയമവിരുദ്ധമാണെന്നും മന്ത്രിസ്ഥാനത്ത് തുടരാൻ ജലീൽ യോഗ്യനല്ലെന്നും ലോകായുക്ത കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
സംസ്ഥാനത്ത് കനത്ത കാറ്റിനും മഴയ്ക്കും സാധ്യത; മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയും ഇടിമിന്നലും കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയെന്നാണ് റിപ്പോർട്ട്. ശക്തമായ ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.
ഏപ്രിൽ 14ന് ശേഷം മലയോര ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. വേനൽ മഴ കേരളത്തിലാകെ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. ശനിയാഴ്ച വൈകിട്ടും ഞായറാഴ്ച പുലർച്ചെയുമായി സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ശക്തമായ മഴ പെയ്തിരുന്നു. മധ്യകേരളത്തിലെ മലയോര മേഖലകളിലാണ് ശക്തമായ മഴ ലഭിച്ചത്. പലയിടത്തും ശക്തമായ ഇടിമിന്നലുമുണ്ടായിരുന്നു.
യൂസഫലിയും കുടുംബവും സുരക്ഷിതരെന്ന് ലുലു ഗ്രൂപ്പ്
കൊച്ചി: ഹെലികോപ്റ്റർ അപകടത്തിന് പിന്നാലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയും കുടുംബവും സുരക്ഷിതരാണെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു.
അപകടത്തിന് ശേഷം നടുവിന് വേദന അനുഭവപ്പെട്ടതിനാൽ യൂസഫലിയെ സ്ക്വാനിംഗിന് വിധേയനാക്കി. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡോക്ടർമാരുടെ വിശദീകരണം.
യൂസഫലിയും ഭാര്യയും മറ്റ് രണ്ടുപേരും രണ്ടു പൈലറ്റുമാരുമാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. കുഫോസ് കാമ്പസിൽ ഇറങ്ങേണ്ട ഹെലികോപ്റ്റർ യന്ത്രതകരാറും മോശം കാലാവസ്ഥയും കാരണം അടിയന്തരമായി ചതുപ്പിൽ ഇടിച്ചിറക്കുകയായിരുന്നു.
ബാങ്കിനുള്ളിൽ മാനേജർ ജീവനൊടുക്കിയ സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കണ്ണൂർ: ബാങ്ക് മാനേജർ ബാങ്കിനുള്ളിൽ തൂങ്ങി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കാനറാ ബാങ്ക് കേരള സർക്കിൾ ചീഫ് മാനേജർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.
വെള്ളിയാഴ്ചയാണ് കൂത്തുപറമ്പ് പാലത്തുംകരയിലെ കാനറാ ബാങ്കിനുള്ളിൽ മാനേജർ തൃശൂർ മണ്ണുത്തി സ്വദേശിനി കെ.എസ്.സ്വപ്ന (40) ജീവനൊടുക്കിയത്. മാനേജർ ജീവനൊടുക്കാനുണ്ടായ സാഹചര്യം വിശദീകരിക്കാനാണ് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചിരിക്കുന്നത്.
ഉദ്യോഗസ്ഥർക്ക് മേൽ ബാങ്കുകൾ അധിക ജോലി ഭാരവും സമ്മർദ്ദവും നൽകുന്നുണ്ടെന്ന് വ്യാപക പരാതി മുൻപും ഉയർന്നിരുന്നു. ഇതും കൂടി കണക്കിലെടുത്താണ് കമ്മീഷന്റെ തീരുമാനം.
കഴിഞ്ഞ സെപ്റ്റംബറിലാണ് മാനേജരായി പ്രമോഷൻ ലഭിച്ച് സ്വപ്ന കൂത്തുപറമ്പിലെത്തിയത്. ജോലിയിൽ വേണ്ടത്ര ശോഭിക്കാൻ കഴിഞ്ഞില്ലെന്ന സ്വപ്നയുടെ കുറിപ്പ് പോലീസിന് ലഭിച്ചിരുന്നു.
വെള്ളിയാഴ്ച രാവിലെ 8.10 ഓടെ ബാങ്കിലെത്തിയ സ്വപ്ന 8.17 ഓടെ ജീവനൊടുക്കുകയായിരുന്നു. ബാങ്കിനുള്ളിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ച് പോലീസ് ഇക്കാര്യം ഉറപ്പുവരുത്തിയിട്ടുണ്ട്.
പാനൂർ കേസ് പ്രതി മരിച്ച സ്ഥലത്ത് വീണ്ടും പോലീസ് പരിശോധന
കോഴിക്കോട് പാനൂർ മൻസൂർ കൊലക്കേസിലെ രണ്ടാം പ്രതി രതീഷ് തൂങ്ങി മരിച്ച ആളൊഴിഞ്ഞ പറമ്പിൽ പോലീസ് വീണ്ടും പരിധോശൻ നടത്തുന്നു. എസ്പി എ.ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധിക്കുന്നത്. ഫോറൻസിക് സർജൻ പ്രിയതയും സംഘവും ഒപ്പമുണ്ട്.
നേരത്തെ രതീഷിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസ് വിലയിരുത്തിയിരുന്നു. ഇതേതുടർന്ന് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കാൻ തീരുമാനിച്ചു. രതീഷിന്റെ ആന്തരികാവയവങ്ങളിൽ ക്ഷതമേറ്റിട്ടുണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്.
മൃതദേഹം കണ്ടെത്തിയ ചെക്യാട് കുളിപ്പാറയിലെ ആളൊഴിഞ്ഞ കശുമാവിൻ തോട്ടത്തിൽ രതീഷിനൊപ്പം മറ്റ് പ്രതികളും ഒളിവിൽ കഴിഞ്ഞിരുന്നെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇതോടെയാണ് മരണത്തിൽ ദുരൂഹതയേറെയുണ്ടെന്ന് വിലയിരുത്തലുണ്ടായത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ റൂറൽ എസ്പി മെഡിക്കൽ കോളജിലെത്തി ഫോറൻസിക് സംഘത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. വിശദമായ മൊഴിക്കായി ആശുപത്രിയിൽ നിന്നും ഫോറൻസിക് സംഘത്തെ ഒപ്പം കൂട്ടിയാണ് എസ്പി മടങ്ങിയത്.
പാനൂർ കേസ് പ്രതിയുടെ മരണം ദുരൂഹം; അന്വേഷണം ക്രൈംബ്രാഞ്ചിന്
കോഴിക്കോട്: മൻസൂർ വധക്കേസിലെ രണ്ടാം പ്രതിയായ രതീഷിന്റെ മരണം ദുരൂഹമാണെന്ന് വ്യക്തമായതോടെ സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു. ഡിവൈഎസ്പി ഷാജ് ജോസിനാണ് അന്വേഷണ ചുമതല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രതീഷിന്റെ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റുവെന്ന് വ്യക്തമായിരുന്നു. ഇതാണ് ദുരൂഹതയ്ക്ക് കാരണമായിരിക്കുന്നത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് പിന്നാലെ ഫോറൻസിക് സംഘത്തിന്റെ മൊഴി രേഖപ്പെടുത്തി. കോഴിക്കോട് മെഡിക്കൽ കോളജിലെത്തി റൂറൽ എസ്പിയാണ് മൊഴി ശേഖരിച്ചത്. വിശദമായ മൊഴിയ്ക്കായി എസ്പി ഡോക്ടർമാരെ ഒപ്പം കൂട്ടിയാണ് മെഡിക്കൽ കോളജിൽ നിന്നും മടങ്ങിയത്.
വെള്ളിയാഴ്ച വൈകിട്ടാണ് ചെക്യാട് കുളിപ്പാറയിലെ ആളൊഴിഞ്ഞ കശുമാവിൻ തോട്ടത്തിൽ രതീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥലത്ത് മറ്റ് പ്രതികളും ഒളിവിൽ താമസിച്ചിരുന്നുവെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതോടെയാണ് മരണത്തിൽ ദുരൂഹത ഏറിയത്. മൃതദേഹം കണ്ടെത്തിയ തോട്ടത്തിലും സമീപ പ്രദേശങ്ങളിലും ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
പ്രതി ജീവനൊടുക്കിയതാണെന്ന് കരുതുന്നില്ലെന്നും കൊന്ന് കെട്ടിത്തൂക്കിയതാകാമെന്നും കെ.സുധാകരൻ എംപി ആരോപിച്ചിരുന്നു. തെളിവ് നശിപ്പിക്കാൻ സിപിഎം ഇത്തരം കൃത്യങ്ങൾ നടത്തുമെന്നായിരുന്നു സുധാകരന്റെ ആരോപണം.
1.82 ലക്ഷം പേർക്ക് കൂടി ഇന്ത്യയിൽ കോവിഡ്
ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയിൽ ആഞ്ഞടിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,82,879 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. തിങ്കളാഴ്ച മുതലാണ് വീണ്ടും രോഗികളുടെ എണ്ണം ലക്ഷം കവിഞ്ഞത്. ദിവസങ്ങൾക്കുള്ളിൽ എണ്ണം രണ്ട് ലക്ഷത്തോട് അടുത്തിരിക്കുകയാണ്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാലായിരത്തോളം ആളുകളാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. വരുന്ന രണ്ടാഴ്ച രോഗവ്യാപനം തീവ്രമാകുമെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധരുടെ മുന്നറിയിപ്പ്.
അതിനിടെ രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിൽ സ്വീകരിച്ചവരുടെ എണ്ണം 10 കോടി കവിഞ്ഞെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. നിലവിൽ 45 വയസിന് മുകളിലേക്ക് ഉള്ളവർക്കാണ് വാക്സിൻ നൽകുന്നത്. വാക്സിനേഷൻ വേഗത്തിലാക്കാൻ രാജ്യത്ത് വാക്സിൽ ഉത്സവം പരിപാടിയുമായാണ് കേന്ദ്രം രംഗത്തെത്തിയിരിക്കുന്നത്.
അതിനിടെ വാക്സിൻ സ്റ്റോക്കില്ലെന്ന പരാതിയുമായി സംസ്ഥാനങ്ങൾ കേന്ദ്രത്തെ സമീപിച്ചു. കഴിഞ്ഞു. കേരളത്തിലും വാക്സിൻ ക്ഷാമം നിലനിൽക്കുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. പരമാവധി ആളുകൾക്ക് വാക്സിൻ നൽകി രോഗവ്യാപനം പിടിച്ചുനിർത്താനാണ് കേന്ദ്രത്തിന്റെ ശ്രമം.
ജലീലിന്റെ സാമ്പത്തിക സ്രോതസും തീവ്രവാദ ബന്ധവും അന്വേഷിക്കണം: കൃഷ്ണദാസ്
തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിന്റെ സമ്പത്തിനെക്കുറിച്ചും സാമ്പത്തിക സ്രോതസുകളെക്കുറിച്ചും സർക്കാർ അന്വേഷണം നടത്തണമെന്ന് ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ്. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിയുടെ തീവ്രവാദ സംഘടനകളുമായുള്ള ബന്ധവും അന്വേഷണത്തിന് വിധേയമാക്കണം. ശരിയായ അന്വേഷണം നടന്നാൽ ജലീൽ മാത്രമല്ല മുഖ്യമന്ത്രിയും കേസുകളിൽ പ്രതിയാകുമെന്നും പി.കെ.കൃഷ്ണദാസ് ആരോപിച്ചു.
പൂരം തകർക്കാൻ ഡിഎംഒ ശ്രമിക്കുന്നുവെന്ന് പാറമേക്കാവ് ദേവസ്വം
തൃശൂർ: പൂരം തകർക്കാൻ ഡിഎംഒ ശ്രമിക്കുകയാണെന്ന ആരോപണവുമായി പാറമേക്കാവ് ദേവസ്വം രംഗത്ത്. പൂരത്തിന് ആളുകളെ നിയന്ത്രിക്കണമെന്ന ഡിഎംഒയുടെ റിപ്പോർട്ട് സർക്കാരിന് ലഭിച്ചതിന് പിന്നാലെയാണ് ആരോപണം.
ഊതിപ്പെരുപ്പിച്ച കണക്കാണ് ഡിഎംഒ സർക്കാരിന് നൽകിയിരിക്കുന്നത്. പൂരത്തിന് ആളുകളെ നിയന്ത്രിക്കാൻ ദേവസ്വങ്ങൾ തയാറാണ്. ആചാരങ്ങളെല്ലാം പാലിച്ച് പൂരം നടത്തണമെന്ന നിലപാടിൽ മാറ്റമില്ലെന്നും പാറമേക്കാവ് ദേവസ്വം വ്യക്തമാക്കി.
അതേസമയം പൂരം നടത്തിപ്പിനെക്കുറിച്ച് ചർച്ച ചെയ്യാൻ വീണ്ടും യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ ജില്ലാ കളക്ടർ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. ജനങ്ങളെ നിയന്ത്രിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യണമെന്നാണ് കളക്ടറുടെയും നിലപാട്. പൂരം നടത്തിപ്പിന് പ്രത്യേക മാർഗനിർദ്ദേശം പുറപ്പെടുവിക്കണമെന്നും തൃശൂർ ജില്ലാ ഭരണകൂടം സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തൃശൂർപൂരം: ജനങ്ങളെ നിയന്ത്രിച്ചില്ലെങ്കിൽ വിപത്താകുമെന്ന് മുന്നറിയിപ്പ്
തൃശൂർ: കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർപൂരം നിയന്ത്രണങ്ങളോടെ നടത്തിയില്ലെങ്കിൽ വലിയ വിപത്താകുമെന്ന് സർക്കാരിന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. പൂരം സാധാരണപോലെ നടത്താനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് തൃശൂർ ഡിഎംഒ ആവശ്യപ്പെട്ടിട്ടുണ്ട്.
സാധാരണപോലെ പൂരം നടന്നാൽ അപകടകരമായ സ്ഥിതിയിലേക്ക് സംസ്ഥാനം മാറും. ഒന്നര വർഷമായി സംസ്ഥാനം നടത്തുന്ന കോവിഡ് പ്രതിരോധമെല്ലാം പാളിപ്പോകുമെന്നും 20,000 പേർക്കെങ്കിലും രോഗബാധയുണ്ടാകുമെന്നും 10 ശതമാനം രോഗികൾ മരിക്കുമെന്നുമാണ് മുന്നറിയിപ്പ്.
പൂരം നടത്തിപ്പിൽ സർക്കാർ ഉചിതമായ തീരുമാനം എടുക്കുന്നില്ലെങ്കിൽ ഉത്തരവാദിത്വം ആരോഗ്യവകുപ്പിന് ആയിരിക്കില്ലെന്നാണ് ഡിഎംഒയുടെ നിലപാട്.
അതേസമയം പൂരം ആചാരങ്ങളെല്ലാം പാലിച്ച് നടത്തണമെന്നാണ് ദേവസം ബോർഡുകളുടെ നിലപാട്. കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും ജനങ്ങൾ ടിവിയിലൂടെ പൂരം കാണാൻ തയാറാകണമെന്നും ദേവസ്വം പ്രതിനിധികൾ ആവശ്യപ്പെട്ടു.
നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ രണ്ടരക്കിലോ സ്വർണം പിടിച്ചു. ദുബായിയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. ശീതളപാനീയ കുപ്പയിൽ ദ്രവരൂപത്തിലായിരുന്നു സ്വർണം കടത്താൻ ശ്രമിച്ചത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
വട്ടിയൂർക്കാവിൽ അട്ടിമറി സംശയം; സമിതി അന്വേഷിക്കുമെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ അട്ടിമറി സംശയമുണ്ടെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുതിർന്ന നേതാക്കളുടെ അസാന്നിധ്യം മണ്ഡലത്തിലുണ്ടായിരുന്നു. ഉപതെരഞ്ഞെടുപ്പിന് സമാനമായ രീതിയിൽ പ്രചരണത്തിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും. ഇതിനായി കെപിസിസി മൂന്നംഗ സമിതിയെ നിയോഗിച്ചു. മുതിർന്ന കെപിസിസി അംഗം ജോണ്സണ് എബ്രഹാം അധ്യക്ഷനായ സമിതിയാണ് അന്വേഷണം നടത്തുന്നത്.
മണ്ഡലത്തിലെ സ്ഥാനാർഥി വീണ എസ്. നായരുടെ പോസ്റ്ററുകൾ ആക്രിക്കടയിൽ കണ്ടെത്തിയതോടെയാണ് വിഷയം കെപിസിസി പരിശോധിക്കാൻ തീരുമാനിച്ചത്. പോസ്റ്റർ ആക്രിക്കടയിൽ വിറ്റ മണ്ഡലം ട്രഷററെ കോണ്ഗ്രസിൽ നിന്നും പുറത്താക്കിയിരുന്നു. സംഭവത്തിൽ കെപിസിസി അന്വേഷണം നടത്തണമെന്ന് സ്ഥാനാർഥി വീണയും ആവശ്യപ്പെട്ടിരുന്നു.
യന്ത്രത്തകരാർ; എം.എ. യൂസഫലി സഞ്ചരിച്ച ഹെലികോപ്ടർ കൊച്ചിയിൽ ഇടിച്ചിറക്കി
കൊച്ചി: വ്യവസായി എം.എ. യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്ടർ എറണാകുളം പനങ്ങാട്ടെ ചതുപ്പ് നിലത്ത് ഇടിച്ചിറക്കി.
കുഫോസ് കാംപസ് മൈതാനത്ത് ഇറക്കേണ്ടിയിരുന്ന ഹെലികോപ്ടർ ലാൻഡിംഗിന് നിമിഷങ്ങൾ മുമ്പ് അടിയന്തരമായി നിലത്തിറക്കുകയായിരുന്നു. യന്ത്രത്തകരാറാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ലുലു ഗ്രൂപ്പിന്റെ ഹെലികോപ്ടറിൽ യൂസഫലിയും ഭാര്യയുമുൾപ്പെടെ ഏഴുപേരാണുണ്ടായിരുന്നത്. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആർക്കും പരിക്കില്ല.
ഷോപ്പിയാനില് ഏറ്റുമുട്ടൽ, സൈന്യം മൂന്നു ഭീകരരെ വധിച്ചു
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ഷോപ്പിയാനിലെ ഹാദിപോര മേഖലയിൽ ഭീകരരും സുരക്ഷാസേനയും തമ്മില് ഏറ്റുമുട്ടല്. ഏറ്റുമുട്ടലില് മൂന്നു ഭീകരരെ സൈന്യം വധിച്ചു.
പ്രദേശത്ത് ഭീകരരെ ഒളിച്ചിരിക്കുന്നെന്ന വിവരം ലഭിച്ചതിനെ തുടര്ന്ന് സുരക്ഷാസേന തെരച്ചില് നടത്തുകയായിരുന്നു. ഭീകരർ സുരക്ഷാസേനയ്ക്കു നേരെ വെടിയുതിര്ക്കുകയായിരുന്നു.
സാങ്കേതിക തകരാർ: എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി
റിയാദ്: സാങ്കേതിക തകരാറിനെത്തുടർന്നു എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. റിയാദിൽ നിന്ന് കരിപ്പൂരിലേക്ക് പോകേണ്ട വിമാനമാണ് നിലനിറക്കിയത്. ഞായറാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം. യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
കൊച്ചിയിൽ ആഡംബര ഹോട്ടലുകളിൽ പരിശോധന; നാല് പേർ അറസ്റ്റിൽ
കൊച്ചി: കൊച്ചിയിലെ ആഡംബര ഹോട്ടലുകളില് നടന്ന പരിശോധനയില് അറസ്റ്റ്. നാല് പേരെ അറസ്റ്റ് ചെയ്തു. ആലുവ സ്വദേശി ഡിസ്കോ ജോക്കി അന്സാര്, നിസ്വിന്, ജോമി ജോസ്, ഡെന്നീസ് റാഫേല് എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തു.
അതേസമയം, ചക്കരപ്പറമ്പിലെ ഹോട്ടലില് നിന്നും മാരകമായ ലഹരി വസ്തുക്കള് പിടികൂടി. എംഡിഎംഎ, തിരിച്ചറിഞ്ഞിട്ടില്ലാത്ത കെമിക്കല് വസ്തുക്കള്, കഞ്ചാവ് എന്നിവയാണ് പിടികൂടിയത്.
തൃപ്പൂണിത്തുറയിലെ ഗൃഹനാഥന്റെ മരണം കൊലപാതകം; രണ്ടു പേർ അറസ്റ്റിൽ
കൊച്ചി: തൃപ്പൂണിത്തുറയില് ഉദയംപേരൂര് സ്വദേശിയായ നിധിന്(42) മരിച്ച സംഭവത്തില് വഴിത്തിരിവ്. കേസില് നിധിന്റെ ഭാര്യ സഹോദരന് ഉള്പ്പടെ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
രണ്ട് ദിവസങ്ങള്ക്ക് മുന്പാണ് മിഥുന് കുഴഞ്ഞു വീണത്. ഉടന് തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. സ്വാഭാവിക മരണമാണെന്ന് ആദ്യം കരുതിയിരുന്നുവെങ്കിലും പോസ്റ്റുമോര്ട്ടം റിപ്പോര്ട്ടില് നിധിന്റെ ശരീരത്തില് ക്രൂര മര്ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു.
തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. നിധിന് ഭാര്യയെ പതിവായി മര്ദിക്കാറുണ്ടായിരുന്നു. സംഭവ ദിവസവും നിധിന് രമ്യയെ മര്ദിച്ചു. തുടര്ന്ന് രമ്യ സഹോദരന് വിഷ്ണുവിനെയും ബന്ധു ശരത്തിനെയും വീട്ടിലേക്ക് വിളിച്ചു വരുത്തി.
ഇരുവരും ചേര്ന്ന് നിധിനെ ക്രൂരമായി മര്ദിച്ചു. അന്ന് ഒന്നും സംഭവിച്ചില്ലെങ്കിലും പിറ്റേന്ന് രാവിലെ മിഥുന് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു സംഭവത്തില് വിഷ്ണുവിനെയും ശരത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. മനപ്പൂര്വമല്ലാത്ത നരഹത്യ കുറ്റമാണ് ഇവര്ക്കെതിരെ ചുമത്തിയിരിക്കുന്നത്.